തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സി എം ഡി ബിജു പ്രഭാകര്‍ ഐ എ എസ് അറിയിച്ചു.
ഇതിനായി ഓക്സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം നാളെ ( മേയ് 13) മുതല്‍ ലഭ്യമാക്കും. ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവര്‍മാരുടെ ആദ്യബാച്ചിലെ 35 പേര്‍ക്ക് നാളെ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാരുടെ സേവനം രാത്രിയോടെ INOX കമ്ബനിയുടെ ഓക്സിജന്‍ ടാങ്കറില്‍ ലഭ്യമാക്കും. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്സിജന്‍ സിലണ്ടറുകള്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വാര് റൂമില്‍ രാപകല്‍ കേരളത്തിലുടനീളം ഡ്രൈവര്‍മാരുടെ സേവനം ആവശ്യമുണ്ട്. ചില സമയങ്ങളില്‍ ഡ്രൈവര്‍മാരുടെ കുറവ് കാരണം വാര് റൂമില്‍ നിന്നും കെഎസ്ആര്‍ടിസിയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്നാണ് സി എം ഡി ടാങ്കര്‍ ലോറികള്‍ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്താന്‍ താല്പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്നുള്ള സര്‍ക്കുലര്‍ ഇറക്കിയത്. ഇതിന് പിന്നാലെ 450 തില്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നും സന്നദ്ധ സേവനത്തിലായി താല്പര്യം അറിയിച്ചത്. അതില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവര്‍മാര്‍ക്കാണ് നാളെ പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് മേയ് 14 ന് കൊച്ചിയില്‍ നിന്നുള്ള 25 ഡ്രൈവര്‍മാരെ പരിശീലനം നല്കി റിസര്‍വായി വെയ്ക്കും. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കും.
ഇതിന് പുറമെ വിവിധ ജില്ലകളിലെ കളക്ടര്‍മാരുടെ ആവശ്യപ്രകാരം കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ പല കളക്ടറേറ്റുകളിലും ഡ്രൈവര്‍മാരായും, മറ്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സേവനം അനുഷ്ടിച്ച് വരികയുമാണ്. ഇത് കൂടാതെ കൂടുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സന്നദ്ധ സേവനത്തിനായി താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും സി എം ഡി അറിയിച്ചു.
അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ 3,48,421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ 3,55,338 പേര് ഡിസ്ചാര്‍ജ് ആയി. ഇതോടെ ആകെ ഡിസ്ചാര്‍ജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേര് വാക്സിന് സ്വീകരിച്ചു