കൊവാക്‌സിന്‍ രണ്ടാം പട്ടികയിലും കേരളം പുറത്ത്; 18 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ കേരളത്തിന് അവഗണന

തിരുവനന്തപുരം: 25 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടും കൊവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തെ ഒഴിവാക്കി. എന്തുകൊണ്ടാണ് കേരളത്തെ തഴഞ്ഞതെന്ന ചോദ്യത്തിന് ഉത്തരമൊന്നുമില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് ഈ മാസം ഒന്ന് മുതല്‍ കൊവാക്‌സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കിതുടങ്ങിയത്. അതേ സമയം കമ്ബനിയുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ആദ്യപട്ടികയില്‍ കേരളം ഉണ്ടായിരുന്നില്ല. കേന്ദ്രനയം അനുസരിച്ചാണ് വാക്‌സിന്‍ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു മാത്രമേ പരിഗണിക്കൂെവന്നുമാണ് കമ്ബനി അറിയിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 80 ലക്ഷം കടന്നു. ചൊവ്വാഴ്ച പകല്‍ 12വരെയുള്ള കണക്കുപ്രകാരം 80,42,204 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 61,92,903 പേര്‍ ആദ്യഡോസും 18,49,301 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

ആന്ധ്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ പണം കൊടുത്തുവാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകള്‍ക്ക് ഉടന്‍ വിതരണം ചെയ്തുതുടങ്ങും. ഇതിനായി മുന്‍ഗണനാവിഭാഗങ്ങളെ നിശ്ചയിച്ച്‌ മാര്‍ഗരേഖ അടുത്ത ദിവസം പ്രസിദ്ധീകരിക്കും. കൊച്ചിയിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മഞ്ഞുമ്മലിലെ കേന്ദ്രത്തിലാണിപ്പോള്‍ വാക്‌സിന്‍ സംഭരിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കും ആളുകളുമായി നിരന്തരം ഇടപഴകുന്ന മറ്റ് വിവിധ വിഭാഗങ്ങള്‍ക്കും മുന്‍ഗണന ലഭിക്കാനാണ് സാധ്യത. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള മൂന്നരലക്ഷം ഡോസ് വാക്‌സിന്‍ തിങ്കളാഴ്ചയാണ് കൊച്ചിയില്‍ എത്തിയത്. 75 ലക്ഷം ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിന്‍ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.

Related posts

Leave a Comment