അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത, കേരളത്തില്‍ 14 മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ്‌ 14 ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ്‌ 16 ഓടെ ഈ വര്‍ഷത്ത ആദ്യത്തെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

മേയ് 13 ന് കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. മേയ് 13 നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മേയ് അര്‍ദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വരും മണിക്കൂറില്‍ കാസര്‍ഗോഡ് കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ മഴയ്ക്ക് സാധ്യത. മേയ് 14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മേയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 11ന് ഇടുക്കി, മലപ്പുറം, മേയ് 12ന് ഇടുക്കി, മേയ് 13 ന് തിരുവനന്തപുരം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

Related posts

Leave a Comment