ഡെന്നിസ് ജോസഫ്; നിറക്കൂട്ടുകൾ പോലെ ഒരു സിനിമാ ജീവിതം

രാജാവിൻ്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, ആകാശദൂത്, എഫ്ഐആർ… ഈ പട്ടിക വായിക്കുമ്പോൾ വിവിധ വിഭാഗങ്ങളിൽ പെട്ട ഒരുകൂട്ടം സിനിമകൾ പെറുക്കിവെക്കുന്നതുപോലെ തോന്നുന്നുണ്ടോ? പല സ്വഭാവങ്ങൾ, പല നിറങ്ങൾ, പല സ്വാദുകൾ. ഈ സിനിമകൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. ഇവയൊക്കെ ഡെന്നിസ് ജോസഫ് എന്ന ഏറ്റുമാനൂരുകാരൻ്റെ തലയ്ക്കുള്ളിൽ നിന്ന് പിറവിടെയുത്ത ചലച്ചിത്രഭാഷ്യങ്ങളായിരുന്നു.

സംവിധായകരുടെ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ്. സംവിധായകരുടെ ആവശ്യങ്ങൾക്കനുസരിച്ച് അദ്ദേഹം കഥകൾ രചിച്ചു. ജോഷിക്കും മമ്മൂട്ടിക്കും വേണ്ടി ആക്ഷൻ ചിത്രങ്ങൾ. നായർസാബ്, നിറക്കൂട്ട്, ശ്യാമ, ന്യൂഡൽഹി, സംഘം, തന്ത്രം എന്നിങ്ങനെ വിവിധ ചിത്രങ്ങൾ. സിനിമകൾ നിരന്തരമായി പരാജയപ്പെട്ട് മമ്മൂട്ടി എന്ന നടൻ ഇൻഡസ്ട്രിയിൽ നിന്ന് പോലും പുറത്താവുമെന്ന ഘട്ടത്തിലാണ് ന്യൂഡൽഹി സംഭവിക്കുന്നത്. ജികെയുടെ പ്രതികാരം അതിതീവ്രമായ ഭാഷയിൽ രചിച്ച ഡെന്നിസ് ആ തീവ്രത കുടുംബബന്ധങ്ങളിലേക്ക് പറിച്ചുനട്ട് സിബി മലയിലിനു വേണ്ടി എഴുതിയതാണ് ആകാശദൂത്. ജോണിയും ആനിയും റോണിയും ചേർന്ന് കണ്ണ് നീറ്റിയവരെത്ര. ആകാശദൂത് കണ്ട് കരയാത്തവരുണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

മോഹൻലാലിൻ്റെ കരിയറിലും മലയാള സിനിമാ ചരിത്രത്തിലും നാഴികക്കല്ലായ രാജാവിൻ്റെ മകൻ എന്ന സിനിമയും ഡെന്നിസ് ജോസഫിൻ്റെ എഴുത്തായിരുന്നു. “രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു. അങ്കിളിൻ്റെ ഫാദർ ആരാണെന്ന്”. ആകാശദൂത് എഴുതിയ അതേ കൈകൾ തന്നെ ഇങ്ങനെ കൾട്ടായി ആഘോഷിക്കപ്പെടുന്ന ഈ മാസ് ഡയലോഗ് എഴുതി എന്നതാണ് ഡെന്നിസ് ജോസഫ് കാണിച്ച ജാലവിദ്യ. ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം തുടങ്ങിയ സിനിമകളും തമ്പി കണ്ണന്താനത്തിനൊപ്പം മോഹൻലാലിൻ്റെ കരിയറിൽ ചേർത്തുവച്ചത് ഡെന്നിസ് ആയിരുന്നു.

തീർന്നില്ല. തനിക്ക് ഏറ്റവും മികച്ച ഹിറ്റുകൾ സമ്മാനിച്ച ആളെപ്പറ്റി മമ്മൂട്ടി “സംവിധായകൻ ജോഷി എന്ന ചതിച്ചാശാനേ” എന്ന് കോട്ടയം കുഞ്ഞച്ചനിലൂടെ പറഞ്ഞപ്പോൾ അവിടെ വിജയിച്ചത് ഡെന്നിസ് തന്നെയായിരുന്നു. ടിഎസ് സുരേഷ് ബാബുവിനൊപ്പം മാന്യന്മാർ, കിഴക്കൻ പത്രോസ് തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടിയും ഡെന്നിസ് ഒരുമിച്ചു.

മനു അങ്കിൾ, അഥർവം തുടങ്ങിയ ചിത്രങ്ങളിലൂടെ ഡെന്നിസ് സംവിധായകനായും വിജയിച്ചുനിന്നു.

85ൽ ഈറൻ സന്ധ്യ, നിറക്കൂട്ട് എന്നീ സിനിമകളിലൂടെ മലയാള സിനിമാലോകത്തേക്ക് കാലെടുത്തുവച്ച ഡെന്നിസ് ഒമർ ലുലുവിനൊപ്പം പവർ സ്റ്റാർ എന്ന ചിത്രത്തിലാണ് അവസാനമായി സഹകരിച്ചത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ വിയോഗം.

Related posts

Leave a Comment