‘മന്ത്രിമാരായിരിക്കെ ടിവിയുടെയും എന്റെയും വസതികള്‍ക്കിടയിലെ വാതില്‍ അടപ്പിച്ചത് സിപിഐയാണ്; അടച്ചിട്ട ആ വാതിലാണ് ഞങ്ങളെ അകറ്റിയത്’; പാര്‍ട്ടികള്‍ രണ്ടായതോടെ അകന്നു പോയെങ്കിലും എന്നും ഉള്ളില്‍ പ്രണയം കാത്തിരുന്നു ഗൗരിയമ്മ; എകെജിയും ചങ്ങമ്ബുഴയും വിവാഹാഭ്യര്‍ത്ഥന നടത്തിയതും ഒരേസമയത്ത്; ഗൗരിയമ്മയുടെ പ്രണയ ഓര്‍മകളില്‍ നിന്ന്

ആലപ്പുഴ: ഒരിക്കല്‍ ഒരു കാര്‍ യാത്രയ്ക്കിടെ, ഗൗരിയമ്മയോട് സന്തതസഹചാരിയും വിശ്വസ്തനുമായ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഒരുചോദ്യം ചോദിച്ചു. നേതാവിന്റെ പലതരത്തിലുള്ള പോസ്റ്ററുകള്‍ കണ്ടപ്പോള്‍ അദ്ദേഹം അറിയാതെ ചോദിച്ചുപോയി: എന്താണ് ..നേതാവ് ഒരുചിത്രത്തില്‍ പോലും ചിരിക്കുന്നില്ലല്ലോ.. മറുപടിയും വളരെ പെട്ടെന്നായിരുന്നു. എന്തിനാടോ ഞാന്‍ ചിരിക്കുന്നത്? മൂന്നുവാക്കിലെ ആ മറുപടിയില്‍ എല്ലാം ഉണ്ടായിരുന്നു. വ്യക്തി ജീവിതം ഒരുരത്നച്ചുരുക്കമായി. കാലം ഘനീഭവിച്ച പോലെ ഗൗരവത്തിന്റെ ഒരുപാളി എപ്പോഴും മുഖത്ത് ഉണ്ടായിരുന്നെങ്കിലും, പിറന്നാള്‍ പോലെയുള്ള അവസരങ്ങളില്‍ ഓര്‍മകളില്‍ പച്ച പിടിച്ചുകിടക്കുന്ന അനുഭവകഥകള്‍ അവര്‍ പങ്കുവച്ചിരുന്നു.

സിപിഎമ്മിന്റെ ആദ്യകാലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വിവാഹം കഴിക്കുക പതിവായിരുന്നു. ഈ വിവാഹങ്ങള്‍ പാര്‍ട്ടി ചടങ്ങുകളിലാണ് ഏറെയും ആഘോഷിച്ചിരുന്നത്. സഹചാരിയായ സഖാവ് ടി വി തോമസ്സിനെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം 1957ല്‍ തന്നെ ജീവിത പങ്കാളിയാക്കി. 1964ല്‍ പാര്‍ട്ടി സിപിഐ എം, സിപിഐ എന്നിങ്ങനെ രണ്ടായി പിളര്‍ന്നു. ടി വി തോമസ്സും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ടിവിയെ ആദ്യം കണ്ട കഥ തന്റെ ആത്മകഥയില്‍ ഗൗരിയമ്മ വിവരിക്കുന്നുണ്ട്. ‘എന്റെ വീട്ടില്‍ നടന്ന തിരുവിതാകൂര്‍ കമ്മിറ്റി യോഗത്തില്‍ വച്ചാണ് ടിവിയെ ആദ്യം കാണുന്നത്. പുന്നപ്ര-വയലാര്‍ കേസില്‍ ടിവിയെയും മറ്റുനേതാക്കളെയും വെറുവിട്ട ശേഷമായിരുന്നു ആ കൂടിക്കാഴ്ച. എന്നാല്‍, പുന്നപ്ര-വയലാര്‍ സമരത്തിന് മുമ്ബ് തന്നെ ടിവിയും ഞാനും തമ്മില്‍ സ്നേഹത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിന് മുമ്ബ് ഒരുതവണ എറണാകുളം മഹാരാജാസില്‍ വച്ച്‌ ടിവിയെ കണ്ടിരുന്നു. അത് ടിവി എന്ന നിലയിലല്ല, എന്റെ സുഹൃത്ത് ത്രേസ്യാമ്മയുടെ സുഹൃത്ത് എന്ന നിലയിലായിരുന്നു.

ദമ്ബതികളെ അകറ്റി സിപിഎമ്മും സിപിഐയും

1964 ല്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്ന ശേഷമുള്ള അന്തരീക്ഷം അവര്‍ ഓര്‍ത്തെടുക്കുന്നു. ‘ ഞാന്‍ ആ സമയത്ത് പാര്‍ട്ടിയില്‍ നിന്ന് ലീവെടുത്ത് ടിവിയോടൊപ്പം ചാത്തനാട് താമസിക്കുകയായിരുന്നു. രണ്ടുപാര്‍ട്ടികളുടെയും അംഗങ്ങളെ വീടിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ടിവിയുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വീടിന് പുറത്തായിരുന്നു. വളരെ നാളുകള്‍ക്ക് ശേഷം ജീവിതം സമാധാനപരമായത് പോലെ തോന്നി. അന്നാദ്യമായി ടിവി എനിക്ക് ഒരുസാരി സമ്മാനിച്ചു….ജീവിതകാലം മുഴുവന്‍ സൂക്ഷിച്ചുവച്ച സാരി.’

1967 ലെ സര്‍ക്കാരില്‍ സിപിഎമ്മും സിപിഐയും സഖ്യകക്ഷികളായിരുന്നു. 1967 ല്‍ ചാത്തനാട്ടെ വീട്ടില്‍ നിന്ന് മാറി മന്ത്രിമാരായി ചുമതല ഏറ്റെടുക്കാന്‍ തിരുവനന്തപുരത്തേക്ക് നീങ്ങി. അടുത്തടുത്ത കോമ്ബൗണ്ടുകളിലായി പ്രത്യേക ഔദ്യോഗിക വസതികളായിരുന്നു. എന്നാല്‍, ഞങ്ങള്‍ ഇരുവീടുകള്‍ക്കും ഇടയിലെ ഭിത്തി മാറ്റി രണ്ടിടത്തേക്കും കടക്കാന്‍ വാതില്‍ പണിതു. എന്നാല്‍, സിപിഐ ഇടപെട്ട് ആ വാതില്‍ അടപ്പിച്ചു. ഇത് എനിക്ക് വലിയ ഷോക്കായിരുന്നു. ആ വാതിലാണ് ഞങ്ങളെ അകറ്റിയത്. എനിക്ക് ഹൃദയാഘാതമുണ്ടായി…ആശുപത്രിയിലായി..’ഗൗരിയമ്മ ആത്മകഥയില്‍ പറഞ്ഞു.

വിവാഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ ഇങ്ങനെ: ”എന്റെ വസതിയായ സാനഡുവിലായിരുന്നു ഞങ്ങളുടെ വിവാഹം. പാര്‍ട്ടി തീരുമാനം അനുസരിച്ചുള്ള വിവാഹത്തിനു താലി എടുത്തു നല്‍കിയതു മുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നു. ഔദ്യോഗിക വിവാഹ ശേഷം പൊതുജനങ്ങള്‍ക്കായി വൈകിട്ടു വിവാഹ സല്‍ക്കാരവും നടത്തി. കാര്യമായ ഭക്ഷണമില്ല. പാനീയവും സിഗരറ്റും മുറുക്കാനും മാത്രം. പിന്നീടു നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. അമ്മയും സഹോദരങ്ങളും എന്റെ വീട്ടില്‍ നിന്നു പങ്കെടുത്തു. ടിവിയുടെ വീട്ടില്‍ നിന്ന് ആരും പങ്കെടുത്തില്ല,”

രണ്ടു മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ കാറുണ്ട്. രാവിലെ രണ്ടു കാറില്‍ പോയാലും ഉച്ചയ്ക്ക് ഒരു കാറില്‍ ഊണു കഴിക്കാന്‍ വരും. അതിനു കാരണമുണ്ട്. മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകയാണെങ്കിലും വീട്ടില്‍ ഗൗരിയമ്മ വീട്ടമ്മയാണ്. ടി.വി. തോമസിന് ഊണെടുത്തു വയ്ക്കേണ്ടതു ഗൗരിയമ്മയാണ്. ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതോടെ വസതികളെ വേര്‍തിരിച്ചിരുന്ന മതിലിലെ ഗേറ്റ് എന്നത്തേക്കുമായി അടഞ്ഞു. ഗേറ്റ് അടഞ്ഞെങ്കിലും ഇരുവരുടെയും മനസ്സുകളുടെ വാതില്‍ അടഞ്ഞിരുന്നില്ലെന്നു കെ.ആര്‍. ഗൗരിയമ്മ പറഞ്ഞിരുന്നു.. ”ഈ വീട്ടില്‍ കിടന്നാണു ടിവിയുടെ പിതാവ് മരിക്കുന്നത്. അവസാന ദിവസം എന്നെ കാണണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജയിലില്‍ നിന്നു പരോള്‍ വാങ്ങി വന്നു ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ടിവി അപ്പോളോയില്‍ ചികിത്സയിലായിരുന്നപ്പോഴും പതിവായി സന്ദര്‍ശിക്കുമായിരുന്നു.”

സഖാവും പിന്നീടു ജീവിതസഖിയുമായി മാറിയ ഗൗരിയമ്മ എന്തു കൊണ്ടാണു ടിവിയുടെ കുഞ്ഞിന്റെ അമ്മയാകാതിരുന്നത്. തിരക്കേറിയ പാര്‍ട്ടി പ്രവര്‍ത്തനവും മന്ത്രി പദവിയും മൂലം കുടുംബിനിയാകാന്‍ സാധിക്കാതിരുന്നതാണോ? അല്ലെന്നാണ് ഒരഭിമുഖത്തില്‍ കെ.ആര്‍. ഗൗരിയമ്മ മറുപടി പറഞ്ഞത്. ഗര്‍ഭപാത്രത്തിനു പ്രശ്നമുണ്ടായിരുന്നു. എന്നിട്ടും രണ്ടു വട്ടം ഗര്‍ഭിണിയായി. കുഞ്ഞിനെ സംരക്ഷിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പാഴായി. രണ്ടു വട്ടവും ഗര്‍ഭം അലസിപ്പോവുകയായിരുന്നു ഗൗരിയമ്മ പറഞ്ഞു.

ഏകെജിയുടെ പ്രണയാഭ്യര്‍ത്ഥന

എ.കെ.ജി തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ഗൗരിയമ്മ വെളിപ്പെടുത്തിയിരുന്നു. മരിക്കുന്നത് വരെ എ.കെ.ജിക്ക് തന്നെ ഇഷ്ടമായിരുന്നു എന്നും ഗൗരിയമ്മ പറഞ്ഞു. ‘വിവാഹബന്ധം പോലും പ്രസ്ഥാനത്തിന് വേണ്ടിയെന്ന നിലപാടായിരുന്നു എ.കെ.ജിയുടേത്. അങ്ങനെയാണ് അദ്ദേഹം എന്നോട് വിവാഹാലോചന നടത്തിയത്”. ഒരിക്കല്‍ ഇവിടെ അസുഖമായി കിടക്കുമ്ബോള്‍ എ.കെ.ജി സുശീലയോട് എന്നെ വന്നുകാണാന്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞപ്പോള്‍ സുശീലയും എ.കെ.ജിയും കൂടി എന്നെ കാണാന്‍ വന്നപ്പോഴാണ് സുശീല മുന്‍പ് വന്നില്ലെന്ന് എ.കെ.ജി അറിഞ്ഞത്. അദ്ദേഹം സുശീലയെ വഴക്ക് പറഞ്ഞു’.

ഏറെക്കുറെ അതേസമയം തന്നെയാണ്’ഒരു ദിവസം ചങ്ങമ്ബുഴ അടുത്തുവന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് എന്നു പറഞ്ഞു. പറ്റില്ലെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി. എനിക്ക് അന്നൊരാളോട് ഇഷ്ടമുണ്ടായിരുന്നു.ചങ്ങമ്ബുഴയുടെ അഭ്യര്‍ത്ഥന നിരസിക്കാന്‍ കാരണം പാലക്കാട്ടുകാരനായ രാജനെന്ന ആളാണ്. പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നു. കൊളേജില്‍ നിന്ന് മാറിയ ശേഷം രാജനുമായി അകന്നു. പിന്നീട് പാര്‍ട്ടി രൂപീകരിക്കുന്ന കാലത്താണ് ഞാന്‍ രാജനെ തിരക്കിയത്. അപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞു’- ഗൗരിയമ്മ പറഞ്ഞു.

അവസാന കാലത്ത് ടിവിയെ പരിചരിക്കാന്‍ ബോംബൈയില്‍ പോയി

ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്ബില്‍ വീടിന്റെ ഹാളിലും ഗൗരിയമ്മയുടെ കിടപ്പുമുറിയിലും നിറയെ ചിത്രങ്ങളാല്‍ നിറച്ചിരുന്നു. വിവാഹനാളില്‍ ടി.വി.തോമസിനൊപ്പം എടുത്ത ചിത്രങ്ങളാണധികം. ഈ ചിത്രങ്ങള്‍ എപ്പോഴും എടുത്തു നോക്കാറുണ്ടോയെന്നു ചോദിച്ചാല്‍, ‘എല്ലാം മനസ്സിലുണ്ട്’ എന്നായിരുന്നു പതിവ് മറുപടി. ’57ലെ മന്ത്രിസഭ കഴിഞ്ഞ് ടിവി തിരഞ്ഞെടുപ്പില്‍ തോറ്റു. വരുമാനമില്ലാതായി. എന്റെ വരുമാനം കൊണ്ടു ജീവിക്കണം. ടിവിയുടെ ചെലവിന് അദ്ദേഹത്തിന്റെ പഴ്‌സില്‍ ഞാന്‍ 2 രൂപ വയ്ക്കും. 14 അണ സിഗരറ്റിന്, 2 അണ ബീഡിക്ക്. ഒരു രൂപ കള്ളുകുടിക്കാന്‍. ടിവി പുറത്തുപോയി മദ്യപിക്കുന്നത് ഒഴിവാക്കാന്‍ ലഹരി കുറഞ്ഞ കള്ളു കൊണ്ടുവരാന്‍ 14 അണ കൊടുത്ത് ഞാനൊരാളെ ഏര്‍പ്പാടാക്കി.

‘ഞങ്ങള്‍ ഇവിടെ വന്നു താമസിക്കുന്ന കാലത്ത് ടിവിക്കു കള്ളുകുടിക്കണം, സിഗരറ്റ് വലിക്കണം, ബീഡി വേണം. ചെലവിനു പണം കണ്ടെത്താന്‍ ഞാന്‍ പച്ചക്കറിക്കൃഷി ചെയ്തു. എന്റത്രയും പൊക്കമുള്ള ചീര വിറ്റിട്ടുണ്ട്. പശുവിനെ വളര്‍ത്തി പാല്‍ വിറ്റിട്ടുണ്ട്. ‘പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രണ്ടാളും സിപിഎമ്മില്‍ നില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, എം. എന്‍.ഗോവിന്ദന്‍ നായര്‍ ടിവിയെ പിടിച്ചുകൊണ്ടുപോയി.. അയാളാണു വില്ലന്‍’.

‘എന്നെ ഉപേക്ഷിച്ചു പോയെങ്കിലും അവസാനം ബോംബെയിലെ ആശുപത്രിയില്‍ ടി.വി.തോമസിനെ പരിചരിക്കാന്‍ ഞാന്‍ പോയി. രണ്ടു പാര്‍ട്ടിയിലായതിനാല്‍ ആദ്യം ഇഎംഎസ് പോകാന്‍ അനുവദിച്ചില്ല. പിന്നെ പാര്‍ട്ടി യോഗം കൂടിയാണ് രണ്ടാഴ്ച അനുവദിച്ചത്. തിരിച്ചുപോരാന്‍ നേരം ടിവി കരഞ്ഞു.പിന്നീട് ഞാന്‍ കണ്ടിട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് കലക്ടര്‍ ഓമനക്കുഞ്ഞമ്മ വിളിച്ചു, ടിവി മരിച്ചെന്ന്. ഞാന്‍ തിരുവനന്തപുരത്തു ചെന്നു. മൃതദേഹം മൂടിയിരുന്ന തുണിയുയര്‍ത്തി മുഖം കണ്ടു. ആലപ്പുഴയിലേക്കുള്ള യാത്രയിലും ഞാന്‍ ഒപ്പമുണ്ടായിരുന്നു.

‘കാനനഛായയില്‍ ആടു മെയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ…?’

എറണാകുളം മഹാരാജാസ് കോളജില്‍ കെ.ആര്‍.ഗൗരി പഠിച്ചത്. മലയാളം അദ്ധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ഒരു ദിവസം ക്ലാസില്‍ ‘രമണന്റെ’ വരികള്‍ വായിച്ച ശേഷം കവിയെ പരിചയമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ക്ലാസില്‍ കോറസ് ഉയര്‍ന്നു ചങ്ങമ്ബുഴ. കവിയെ ഗുരുനാഥന്‍ എണീപ്പിച്ചു നിര്‍ത്തിയപ്പോഴാണ് ഗൗരിയും കൂട്ടുകാരും സഹപാഠിയായ കൃഷ്ണപിള്ളയാണ് ചങ്ങമ്ബുഴ കൃഷ്ണപിള്ള എന്നു തിരിച്ചറിഞ്ഞത്.

ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാര്‍ത്ഥിക്കും

ഞാന്‍ അതെന്തിനാ ചിന്തിക്കുന്നത്. മക്കളില്ല. എനിക്കു മക്കളുണ്ടായിരുന്നെങ്കില്‍ എന്നുപറഞ്ഞ് ഒരു ബുക്കെഴുതാം. പണ്ട് ഞങ്ങള്‍ ദൈവമില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോള്‍ രാത്രി ഞാന്‍ ആരും കാണാതെ കിടന്ന് ദൈവത്തെ പ്രാര്‍ത്ഥിക്കും. ഞാന്‍ ഒറ്റയാണ്. ആരും എനിക്കില്ല. പക്ഷേ, ഞാന്‍ എഴുന്നേറ്റു നടക്കുന്നുണ്ട്, ഗൗരിയമ്മ പങ്കുവച്ച ഓര്‍മകള്‍ ഇങ്ങനെ

 

ഭര്‍ത്താവ് കണ്ടത് ഭാര്യയുടെ റൂമില്‍ ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകനെ; മനോഹരന്‍ മാസ്റ്ററുടെ കള്ളക്കളി പുറത്തായത് ഇങ്ങനെ

Related posts

Leave a Comment