സാഹിത്യ പ്രേമികളെ സാഹിത്യത്തിൻറെ രസം പിടിപ്പിച്ച എഴുത്തുകാരിയാണ് കെ ആർ മീര. ഓർമ്മയുടെ ഞരമ്പ് അടക്കമുള്ള ചെറുകഥകളും, ആരാച്ചാർ അടക്കമുള്ള നോവലുകളും കെ ആർ മീര മലയാളസാഹിത്യത്തിന് സമ്മാനിച്ചു. സമൂഹ മാധ്യമങ്ങളിലും സജീവമാണ് കെ ആർ മീര. പഴയ ഒരു സൗഹൃദത്തിൻറെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് കെ ആർ മീര ഇപ്പോൾ. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ ആർ മീര പഴയ ഓർമ്മ പങ്കുവച്ചത് . മീര കുറിച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ. രണ്ടായിരത്തിയെട്ടില്‍ ഒരു ദിവസം. നട്ടുച്ച. വിശന്നു തല കറങ്ങി ഊണു കഴിക്കാന്‍ ഇരുന്ന നേരത്താണ് ഒരു ഫോണ്‍ ബെല്‍. ഞാന്‍ ഓടിച്ചെന്നു ഫോണ്‍ എടുത്തു. പരിചയമില്ലാത്ത ഒരു ഗള്‍ഫ് നമ്പരാണ്. ഞാന്‍ അറ്റന്‍ഡ് ചെയ്തു.
‘‘ഹലോ കെ. ആര്‍. മീര അല്ലേ?’’
‘‘അതെ. ’’
‘‘ പിന്നെന്തൊക്കെയുണ്ട് വിശേഷം? സുഖമാണോ?’’
‘‘ അതു ചോദിക്കാനാണോ ഈ നട്ടുച്ചയ്ക്കു വിളിച്ചത്?’’
‘‘ സോറി. ഞാന്‍ ഷംനാദ് ബഷീര്‍. അബുദബിയില്‍ ശക്തി തിയറ്റേഴ്സിന്‍റെ സെക്രട്ടറിയാണ്. ഇവിടെ ഒരു മീറ്റിങ്ങിനു വരാമോ എന്നു ചോദിക്കാന്‍ വിളിച്ചതാണ്. ’’
‘‘ ഡീറ്റെയില്‍സ് ഈമെയില്‍ ചെയ്യൂ. ’’
ഞാന്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്യാന്‍ തുടങ്ങി.
‘‘ ഫോണ്‍ വയ്ക്കല്ലേ. എന്‍റെ ഭാര്യയ്ക്കു കൊടുക്കാം. മീരയുടെ വലിയ വായനക്കാരിയാണ്. ’’
ഭാര്യ ലൈനില്‍ വന്നു. ഏതോ ഒരു കഥ വായിച്ചതില്‍പ്പിന്നെ എന്‍റെ എല്ലാ കഥകളും തിരഞ്ഞു പിടിച്ചു വായിക്കാറുണ്ടെന്നും ‘മോഹമഞ്ഞ’ തലയ്ക്കല്‍ത്തന്നെ വച്ചിട്ടുണ്ട് എന്നും പറഞ്ഞു. എന്‍റെ ഓര്‍മ്മയുടെ ഞരമ്പ് ഒന്നനങ്ങി. എവിടെയോ കേട്ടിട്ടുള്ള ശബ്ദം.
‘‘പേര് എന്താണ്? ’’
ഞാന്‍ ചോദിച്ചു.
‘‘ ലിജി.’’
എന്‍റെ മനസ്സ് ഒന്നുണര്‍ന്നു.
‘‘ലിജി കൊല്ലത്ത് പഠിച്ചിട്ടുണ്ടോ? ’’
‘‘ഇല്ല. ’’
‘‘എന്‍റെ കൂടെ കൊല്ലത്തെ ഹോസ്റ്റലില്‍ കാര്‍ത്തികപ്പള്ളിയില്‍നിന്ന് ഒരു ലിജി ഉണ്ടായിരുന്നു. ’’
‘‘ ഞാന്‍ കായംകുളത്താണു പഠിച്ചത്. കൊല്ലത്തു പഠിച്ചിട്ടില്ല. ’’
പിന്നെയും എന്തൊക്കെയോ സംസാരിച്ച ശേഷം ഫോണ്‍ വച്ചു. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ് മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനു പോയപ്പോള്‍ കൊല്ലത്ത് ശ്രീനാരായണ സദനം ഹോസ്റ്റലില്‍ എന്‍റെ റൂം മേറ്റ് ആയിരുന്ന ലിജിയെ ഞാന്‍ ഓര്‍ത്തു. റെയില്‍വേ ലൈനോടു ചേര്‍ന്നായിരുന്നു ആ ഹോസ്റ്റല്‍ കെട്ടിടം. തീവണ്ടി പായുമ്പോള്‍ ഹോസ്റ്റല്‍ മുറിയുടെ തരുതരുത്ത സിമന്‍റ് നിലം വെട്ടിവിറയ്ക്കും. ഞാന്‍ കട്ടിലില്‍ കിടന്നു കയ്യെത്തി നിലത്തു തൊട്ടു വിരലുകളില്‍ തീവണ്ടിചക്രങ്ങളുടെ ഇരമ്പല്‍ അനുഭവിക്കും.
പാട്രിയാര്‍ക്കിയുമായി പട വെട്ടുന്ന കാലമാണ്. അച്ഛന് എന്നെ ഡോക്ടര്‍ ആക്കണം. ഞാനാണെങ്കില്‍, ദിവാസ്വപ്നങ്ങളില്‍ നൊബേല്‍ സമ്മാനങ്ങളൊക്കെ വാങ്ങിക്കൊണ്ടിരിക്കുന്നു. എങ്ങനെയും സാഹിത്യം പഠിക്കണം. ആദ്യപടി എന്‍ട്രന്‍സ് പരീക്ഷ തോല്‍ക്കുകയാണ്. കോച്ചിങ് വേണ്ടെന്നൊക്കെ പറഞ്ഞു നോക്കി. അച്ഛന്‍ സമ്മതിച്ചില്ല. അച്ഛന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍ കാസിം സേഠ് സാര്‍ അവിടെ പഠിപ്പിച്ചിരുന്നു. ആ സ്ഥാപനത്തില്‍ത്തന്നെ എന്നെ ചേര്‍ത്തത് അതുകൊണ്ടാണ്.
ഓലമേഞ്ഞ ഒരു ഷെഡിലാണു ക്ലാസ്. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ. വീണ്ടും രണ്ടുമുതല്‍ ആറു വരെ. നടുനിവര്‍ക്കാനുള്ള ഇടവേളകളില്ല. ചുറ്റിനടക്കാന്‍ മുറ്റവുമില്ല. ആറരയ്ക്കു ഹോസ്റ്റലില്‍ തിരിച്ചെത്തണം. ഒരുപാടു ഹോംവര്‍ക്ക് കാണും. തീവണ്ടിയുടെ കടകട ശബ്ദത്തില്‍ ഇളകുന്ന കട്ടിലിന്‍മേല്‍ ഇരുന്നു മഞ്ഞ ബള്‍ബിന്‍റെ വെട്ടത്തില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന എന്നെ ദു:സ്വപ്നം കണ്ടു ഞാനിപ്പോഴും ഞെട്ടിയുണരാറുണ്ട്.
ആ രണ്ടു മാസക്കാലത്തെ ഏക സമാശ്വാസമായിരുന്നു ലിജി. ഉഴപ്പിലും നര്‍മബോധത്തിലും എനിക്കു പറ്റിയ കൂട്ടുകാരി. തമാശ പറഞ്ഞും പഠിപ്പിസ്റ്റുകളെ പരിഹസിച്ചും ആ കഠിനകാലം ഞങ്ങള്‍ ആനന്ദകരമാക്കി. ക്ലാസ് കഴിഞ്ഞു പിരിഞ്ഞതിനുശേഷവും കുറച്ചു കാലം കത്തിടപാട് ഉണ്ടായി. രണ്ടായിരത്തിയഞ്ചിലോ ആറിലോ ഒരു ദിവസം ടിവി ചാനലുകള്‍ മാറ്റുന്നതിനിടയില്‍ പെട്ടെന്ന് ഒരു സ്ത്രീ മൈക്കും പിടിച്ചു നില്‍ക്കുന്നതു കണ്ടു ഞാന്‍ ആ ചാനലിലേക്കു തിരിച്ചു ചെന്നു. അതു ലിജിയല്ലേ എന്നു സംശയിച്ചു. അപ്പോഴേക്ക് ആ മുഖം മാഞ്ഞിരുന്നു. ലിജി എവിടെയായിരിക്കും എന്നു ഞാന്‍ ചിന്തിക്കുകയും ചെയ്തു.
അബുദബിയില്‍നിന്നുള്ള ആ ഫോണ്‍ കോള്‍ കഴിഞ്ഞ് ഞാന്‍ ഊണു കഴിക്കാന്‍ പോയി. ഊണു കഴിഞ്ഞു തിരിച്ചു മുറിയിലെത്തിയപ്പോള്‍ ഫോണില്‍ കുറേ മിസ്ഡ് കാളുകള്‍. എല്ലാം അബുദബി നമ്പരില്‍നിന്നു തന്നെ. എന്‍റെ ഫോണില്‍ ഐ.എസ്.ഡി. ഇല്ല. എങ്ങനെ തിരിച്ചു വിളിക്കും എന്നു ചിന്തിച്ചു നില്‍ക്കെ ആ കോള്‍ വീണ്ടും വന്നു.
‘‘ ഹലോ കെ. ആര്‍. മീരയല്ലേ? ഞാന്‍ ലിജിയാണ്. സോറി കേട്ടോ. ഫോണ്‍ വച്ച ശേഷമാണ് എനിക്ക് ഓര്‍മ്മ വന്നത്. – ഞാന്‍ കൊല്ലത്ത് എന്‍ട്രന്‍സ് കോച്ചിങ്ങിനു വന്നിട്ടുണ്ട്. എന്‍റെ റൂംമേറ്റ് ആയിരുന്ന മീര തന്നെയാണോ ഇത്? ’’
‘‘ എന്നാലും ലിജീ, എന്നെ മറന്നു കളഞ്ഞല്ലോ? ’’
ഞാന്‍ പരിഭവിച്ചു.
‘‘ മക്കള്‍ എന്നെ കളിയാക്കുന്നു. ’’
ലിജി പറഞ്ഞു. ഞാനും ലിജിയെ കളിയാക്കി. ആ കഥയുടെ അവിശ്വസനീയതയോര്‍ത്തു ഞങ്ങള്‍ ചിരിച്ചു.
ലിജിയെ കാണാന്‍ വേണ്ടി മാത്രമാണു ഞാന്‍ അന്ന് അബുദബിയില്‍ പോയത്. ഞാനും ലിജിയും തമ്മില്‍ ഉള്ളതിനേക്കാള്‍ വലിയ സൗഹൃദം അതില്‍പ്പിന്നെ എം.എസ്. ദിലീപും ഷംനാദ് ബഷീറും തമ്മില്‍ ഉണ്ടായി. എന്‍റെ ‘ആരാച്ചാര്‍’ എന്ന നോവലിന്‍റെ അമ്പതിനായിരാമത്തെ കോപ്പി ലേലം ചെയ്യുന്നു എന്ന് അറിഞ്ഞപ്പോള്‍ ഷംനാദ് ഇക്ക വിളിച്ചു: ‘‘ ദിലീപേ, എത്ര രൂപ ചെലവായാലും ആ പുസ്തകം എനിക്കു വേണം. ’’ 50001 രൂപയ്ക്കാണു അദ്ദേഹം അതു ലേലത്തില്‍ പിടിച്ചത്. ആ തുക സുഗതകുമാരി ടീച്ചറിന്‍റെ ‘അഭയ’യ്ക്കു നല്‍കി. കൗമാരത്തില്‍ ഒരു തിരിവില്‍വച്ചു കണ്ടുമുട്ടി സ്നേഹിതമാരായി തീര്‍ന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ എഴുതിയ പുസ്തകത്തിന്‍റെ ലോകത്ത് ഒറ്റക്കോപ്പി മാത്രമുള്ള സ്പെഷല്‍ എഡിഷന്‍ മറ്റേയാളുടെ കൈവശം എത്തിച്ച നിയതിയെക്കുറിച്ച് എനിക്ക് അദ്ഭുതമുണ്ട്. ആഹ്ലാദവും– കാരണം, ലിജിയുടെ നര്‍മബോധവും ലിറ്റററി സെന്‍സിറ്റിവിറ്റിയും അസാധാരണമാണ്. രാഷ്ട്രീയ ബോധ്യം വളരെ സൂക്ഷ്മവും.
–– ഇത്രയൊക്കെ ഇപ്പോള്‍ പറയാന്‍ കാരണമെന്ത് എന്നാണോ?
രാവിലെ വാട്ട്സാപ്പില്‍ കിട്ടിയ ലിജി വരച്ച ഈ കുപ്പിച്ചിത്രങ്ങള്‍ തന്നെ.
കലയുടെ രഹസ്യം നിങ്ങള്‍ വിചാരിക്കുന്നതുപോലെ പ്രതിഭയിലോ പരിശീലനത്തിലോ അല്ല.
സ്നേഹത്തിലാണ്.
–മനുഷ്യര്‍ തമ്മിലുള്ള സ്നേഹത്തില്‍