കോവിഡ് പോസീറ്റിവായ ആള്‍ ഒറ്റക്ക് ഒരുമുറിയില്‍ കഴിയണമെന്നാണ്; എന്നാല്‍ ഞങ്ങള്‍ക്ക് നാല് പേര്‍ക്കും കൂടി ഈ റൂമാണുള്ളത്; കോവിഡ് പോസിറ്റീവായി ഐസൊലേഷനില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത് ഗൃഹനാഥന്‍; തിരൂരിന് കണ്ണീരോര്‍മ്മയായി അനില്‍ കുമാര്‍

മലപ്പുറം: കോവിഡ് പോസിറ്റീവായിട്ടും ഒറ്റമുറി വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയേണ്ടി വന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മലപ്പുറം ജില്ലയിലെ തിരൂര്‍ വെട്ടം ആലിശ്ശേരി സ്വദേശി വാണിയംപള്ളിയില്‍ അനില്‍കുമാറാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

മരിക്കുന്നതിന് മുമ്ബ് മൊബൈല്‍ ഫോണില്‍ തന്റെ ദയനീയ അനുഭവങ്ങള്‍ പറഞ്ഞ് അത് വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചിരുന്നു. ശക്തമായ തലവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനിലിന് കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് വീട്ടിലെത്തി ക്വാറന്റെയിനിലിരിക്കുകയായിരുന്നു.മക്കള്‍ക്കും ഭാര്യക്കുമൊപ്പം ഒറ്റമുറി വീട്ടിലാണ് അനിലും താമസിച്ചത്.

വീട്ടില്‍ മറ്റ് മുറികളൊന്നുമില്ലായിരുന്നു. ഇതിന്റെ മാനസിക സംഘര്‍ഷം കാരണമാണ് ആത്മഹത്യ ചെയ്തത്. തന്റെ അനുഭവും ദയനീയതയും മരിക്കുന്നതിന് മുമ്ബ് ചിത്രീകരിച്ച്‌ വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ച വീഡിയോയില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായാല്‍ ഒറ്റക്ക് ഒരു മുറിയില്‍ ഇരിക്കണമെന്നാണ്, എന്നാല്‍ ഞങ്ങള്‍ക്ക് നാല് പേര്‍ക്കും കൂടി ആകെ ഒറ്റമുറിയാണ് ഈ വീട്ടിലുള്ളത്. അതുകൊണ്ടാണ് ഇങ്ങനെ ഇരിക്കേണ്ടി വന്നത് എന്നാണ് അനില്‍ മരിക്കുന്നതിന് മുമ്ബ് ചിത്രീകരിച്ച വീഡിയോയില്‍ പറയുന്നത്.

വീടിനായി നേരത്തെ തറ നിര്‍മ്മിച്ചിരുന്നെങ്കിലും ഒരു മുറി മാത്രമാണ് പണി പൂര്‍ത്തീകരിച്ചിരുന്നത്. ഈ മുറിയിലായിരുന്നു അനിലും രണ്ട് മക്കളം ഭാര്യയും അടക്കം നാല് പേര്‍ താമസിച്ചിരുന്നത്. അനിലിന് കോവിഡ് പോസിറ്റീവായതിന് ശേഷവും നാല് പേരും ഈ മുറിയില്‍ തന്നെയാണ് താമസിച്ചത്. ഇതനെ തുടര്‍ന്ന് അനില്‍ മാനിസക സംഘര്‍ഷത്തിലായിരുന്നു.

പിന്നീട് വീഡിയോ ചിത്രീകരിച്ചതിന് ശേഷം കഴിഞ്ഞ ദിവസം രാത്രി സമീപത്തെ 35 അടി താഴ്ചയുള്ള കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓട്ടോ ഡ്രൈവറും അനൗണ്‍സറുമാണ് അനില്‍. തിരൂര്‍ ജില്ല ആശുപത്രിയില്‍ നിന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരേതനായാ നാരായണനാണ് അനിലിന്റെ പിതാവ്. ജാനകിയാണ് മാതാവ്. സജിനി ഭാര്യയും ഹൃദിക്, ആശിന പാര്‍വതി എന്നിവര്‍ മക്കളുമാണ്

Related posts

Leave a Comment