ബംഗളുരു: 52000 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വാങ്ങിയ ആളും വിറ്റ ആളും വെട്ടിലായി. കര്‍ണാടക അടക്കം ചില സംസ്ഥാനങ്ങളിലെ മദ്യശാലകള്‍ ഇന്നലെ തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് 52800 രൂപയ്ക്ക് മദ്യം വാങ്ങിയതിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബംഗളുരു സൗത്തിലെ വാനില സ്പിരിറ്റ് സോണ്‍ എന്ന മദ്യവില്‍പ്പന ശാലയില്‍ നിന്ന് വിറ്റ മദ്യത്തിന്റെ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഇതോടെ മദ്യം വിറ്റയാള്‍ക്കെതിരെയും വാങ്ങിയ ആള്‍ക്കെതിരെയും പോലീസ് കേസെടുത്തു. നിയമപരമായി ഒരു ദിവസം 2.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമോ 18 ലിറ്റര്‍ ബിയറോ മാത്രമേ ഒരു വ്യക്തിക്ക വാങ്ങാനാകൂ. എന്നാല്‍ നിയമം മറികടന്ന് 13.5 ലിറ്റര്‍ വിദേശ മദ്യവും 35 ലിറ്റര്‍ ബിയറുമാണ് ഈ വ്യക്തിക്ക് വിറ്റത്. ഇതേതുടര്‍ന്നാണ് എക്‌സൈസ് കേസെടുത്തത്.
മദ്യത്തിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് എക്‌സൈസ് വകുപ്പും വിവരമറിഞ്ഞത്. ബില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചയാളെ വ്യക്തമായിട്ടില്ല. മദ്യം വാങ്ങിയ ആളെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ആ വ്യക്തിക്കെതിരെയും കേസെടുക്കും.
അതേസമയം എട്ട് പേര്‍ ചേര്‍ന്നാണ് മദ്യം വാങ്ങിയതെന്നും ഒരു കാര്‍ഡ് സൈ്വപ്പ് ചെയ്തതിനെ തുടര്‍ന്നാണ് ഒറ്റ ബില്‍ വന്നതെന്നുമാണ് കടയുടമയുടെ വാദം. എക്‌സൈസ് ചോദ്യം ചെയ്യലിലാണ് കടയുടമ ഇക്കാര്യം പറഞ്ഞത്. കടയുടമയുടെ അവകാശവാദം അന്വേഷിച്ചു വരികയാണെന്നും പോലീസ്, എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. മംഗളുരു ഭാഗത്ത് നിന്ന് 59952 രൂപയുടെ മദ്യം വാങ്ങിയതിന്റെ മറ്റൊരു ബില്ലും പ്രചരിക്കുന്നുണ്ട്.