തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. രാവിലെ മുതല്‍തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. ഇതുവരെ 25 % പോളിങ്ങ് രേഖപ്പെടുത്തി.
രാവിലെ ആറര മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിങ് ബൂത്തുകളിലും എത്തിച്ചേര്‍ന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്. 47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്‍ഡറുകളും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നു കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും തൃശൂര്‍ കോര്‍പറേഷനിലെയും ഓരോ വാര്‍ഡുകളില്‍ വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്. 473 പ്രശ്നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്തവര്‍ക്കു പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് 6ന് അകം ബൂത്തിലെത്തി വോട്ട് ചെയ്യാം.