ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ലോക്സഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനമിറക്കിയത്.
ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും.
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചത്.
137 ദിവസങ്ങൾക്കു ശേഷമാകും രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് മടങ്ങിയെത്തുക.ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസപ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്തുനിന്ന് പ്രസംഗിക്കുക.
കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാൽ, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതിനാൽ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്.
Lok Sabha Secretariat restores membership of Wayanad MP Rahul Gandhi after the Supreme Court on Friday (August 4) stayed his conviction in the ‘Modi’ surname remark case.
He was disqualified from the lower house in March 2023. pic.twitter.com/UBE3FvCGEN
— ANI (@ANI) August 7, 2023