25 വര്‍ഷം മുമ്ബ് പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച ഇന്ത്യന്‍ ഡോക്ടറെ കുറിച്ച്‌

അമേരിക്കയില്‍ (US) ജനിതകമാറ്റം വരുത്തിയ പന്നിയില്‍ (Genetically Modified Pig) നിന്ന് ഹൃദയം സ്വീകരിച്ച രോഗി സുഖം പ്രാപിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ ശസ്ത്രക്രിയ (Surgery) നടത്തിയ ഡോക്ടര്‍മാരെ ലോകം അഭിനന്ദിക്കുകയാണ്.
മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ 57കാരനായ ഡേവിഡ് ബെന്നറ്റ് എന്നയാളിനാണ്, ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ പന്നിയുടെ ഹൃദയം മാറ്റിവച്ചത് (Heart Transplantation). ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം സുഖമായിരിക്കുന്നതായി മേരിലാന്‍ഡ് ആശുപത്രി അറിയിച്ചു.

എന്നാല്‍ ഇന്ത്യയില്‍ കാല്‍ നൂറ്റാണ്ട് മുമ്ബ് അസം സ്വദേശിയായ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ധനിറാം ബറുവ (Dr. Dhani Ram Baruah) പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സംഭവം വലിയ വിവാദമാവുകയും അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് 40 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തു. ആ സംഭവത്തെക്കുറിച്ച്‌ വിശദമായി അറിയാം:

25 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന ശസ്ത്രക്രിയ

1997ലാണ് ഡോ. ധനിറാം ബറുവ, ഹോങ്കോംഗ് സര്‍ജന്‍ ഡോ. ജോനാഥന്‍ ഹോ കീ-ഷിംഗിനൊപ്പം ഗുവാഹത്തിയില്‍ വെച്ച്‌ പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്. വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ വൈകല്യം അഥവാ ഹൃദയത്തില്‍ ഒരു ദ്വാരം ഉണ്ടായിരുന്ന 32കാരനായ മനുഷ്യനിലേക്കാണ് ഡോ. ബറുവ ഒരു പന്നിയുടെ ഹൃദയം മാറ്റിവെച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Heart transplant |ഹൃദ്രോഗിയില്‍ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചു; ഹൃദയശസ്ത്രക്രിയ രംഗത്ത് നിര്‍ണായക നേട്ടം

ഗുവാഹത്തി നഗരത്തിന് പുറത്തുള്ള സോനാപൂരിലെ തന്റെ സ്വന്തം സ്ഥാപനമായ ധനിറാം ബറുവ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച്‌ നടത്തിയ ശസ്ത്രക്രിയ 15 മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയായതെന്ന് ഡോ. ബറുവ പറയുന്നു. എന്നാല്‍, ശസ്ത്രക്രിയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ അവയവ മാറ്റിവെയ്ക്കല്‍ പരീക്ഷണം വലിയ വിവാദം സൃഷ്ടിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റം ചുമത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയും അവയവം മാറ്റിവയ്ക്കല്‍ നിയമം, 1994 പ്രകാരം 40 ദിവസം തടവിലിടുകയും ചെയ്തു. അസം സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തിയപ്പോള്‍ ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ അധാര്‍മ്മികമായിരുന്നെന്ന് കണ്ടെത്തി. ഡോക്ടര്‍ ധനിറാം ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച്‌ സെന്റര്‍, അവയവം മാറ്റിവെയ്ക്കല്‍ നിയമ പ്രകാരം ആവശ്യമുള്ള ‘രജിസ്ട്രേഷന് അപേക്ഷിക്കുകയോ അത് നേടുകയോ ചെയ്തിട്ടില്ല’ എന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Organs Transplants| പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ തുന്നിച്ചേര്‍ത്തു; പുതിയ ചുവടുവെപ്പുമായി ഗവേഷകര്‍

പിന്നീട് എന്ത് സംഭവിച്ചു?

40 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഡോക്ടര്‍ തന്റെ ക്ലിനിക്കിലേക്ക് മടങ്ങിയെങ്കിലും സ്ഥാപനം നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. അടുത്ത 18 മാസം അദ്ദേഹം വെര്‍ച്വല്‍ വീട്ടുതടങ്കലിലായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. വീട്ടുതടങ്കലിലായിട്ടും ഒട്ടേറെ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടും ഡോക്ടര്‍ തന്റെ ഗവേഷണം തുടര്‍ന്നു.

ഡോക്റ്റര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു

2008ല്‍, ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ‘ജനിതക എഞ്ചിനീയറിംഗ്’ വാക്സിന്‍ താന്‍ വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ടതോടെയാണ് ഡോ.ബറുവ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നീട് 2015ല്‍, എച്ച്‌ഐവി/എയ്ഡ്സിന് ‘മരുന്ന്’ കണ്ടെത്തിയെന്നും കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷത്തിനിടെ താന്‍ 86 എയ്ഡ്‌സ് രോഗികളെ ‘സുഖപ്പെടുത്തിയെന്നും’ അവകാശപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റി.

തന്റെ കണ്ടെത്തലുകളെ സംബന്ധിച്ച്‌ വിശദീകരിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ എയ്ഡ്‌സ് പ്രോഗാം (UNAIDS), ലോകാരാഗ്യ സംഘടന, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഓഫ് യുഎസ്‌എ എന്നിവയ്ക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തിട്ടുണ്ട്. തന്റെ കണ്ടെത്തലുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാമെന്നും അദ്ദേഹം പറയുന്നു.

Related posts

Leave a Comment