തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ പൃഥ്വിരാജ്. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പൃഥ്വിരാജ് പ്രസ്ഥാവനയായി അറിയിച്ചിരിക്കുന്നത്.
മണിക്കൂറുകൾക്കു മുമ്പാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി രൂപ പൃഥ്വിരാജ് അടച്ചുവെന്ന തരത്തിൽ വാർത്ത പ്രചരിച്ചത്.
ഇതിനെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് കുറിച്ചു.
2022 ഡിസംബറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ് തുടങ്ങിയ മലയാള സിനിമയിലെ മുൻനിര നിർമ്മാതാക്കളുടെ വീട്ടിൽ ഇൻകം ടാക്സിന്റെ വ്യാപക റെയ്ഡ് നടത്തിയെന്ന് വാർത്ത പരന്നിരുന്നു.
ഇതിനു പിന്നാലെയാണ് മലയാളത്തിലെ നടനും നിർമാതാവുമായി ഒരു താരം 25 കോടി രൂപ പിഴയായി കെട്ടിവെച്ചെന്നുള്ള വാർത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.
ഇന്നു രാവിലെ മുതൽ അത് പൃഥ്വിരാജ് ആണെന്ന തരത്തിൽ വാർത്ത പരന്നു. ഇതിനു പിന്നാലെയാണ് പൃഥ്വിരാജ് തന്നെ രംഗത്ത് ഇപ്പോൾ വന്നിരിക്കുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത
ഒരു ഓൺലൈൻ യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് കുറിക്കുന്നു.
ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും അതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്നും താരം അറിയിച്ചിരിക്കുകയാണ്.
ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും ഇത് അറിയിക്കുകയാണെന്നും വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേൽ തുടർ വാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവം അഭ്യർഥിക്കുന്നതായും പോസ്റ്റിൽ പൃഥ്വിരാജിൻ്റെ പോസ്റ്റിൽ പറയുന്നു.