24 മണിക്കൂറില്‍ 22,252 പേര്‍ക്ക് കൊവിഡ്, മരണം 467; രാജ്യത്ത് 7.19 ലക്ഷം രോഗികള്‍, ആകെ മരണം 20,000

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 22,252 പേര്‍ക്ക്. ഇന്നലെ മാത്രം 467 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതര്‍ ഏഴുലക്ഷം പിന്നിട്ടു. വിവിധ സംസ്ഥാനങ്ങളിലായി 7.19 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4.39 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 2.59 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 20,160 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, പശ്ചിമ ബം​ഗാള്‍, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ രോ​ഗം കൂടുതല്‍ തീവ്രമാകുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 5,368 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 204 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോ​ഗികള്‍ 2.11 ലക്ഷമായി. ഇതുവരെ 9,026 പേരാണ് മരിച്ചത്. 54.37ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്നലെ 3,827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1.14 ലക്ഷമായി ഉയര്‍ന്നു. 61 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ആകെ മരണസംഖ്യ 1,571 ആയി. 46,833 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യതലസ്ഥാനത്തെ വരിഞ്ഞുമുറുക്കി കൊവിഡ്. രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെ 1,379പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ആകെ രോ​ഗബാധിതര്‍ 1,00,823 ആയി. ഇന്നലെ 48 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 3,115 ആയി. അതേസമയം, കൊവിഡ് ദുരിതം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ ഇന്നലെ 861കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 22പേര്‍ മരിച്ചു. 22,987പേര്‍ക്കാണ് ഇതുവരെ ബം​ഗാളില്‍ രോ​ഗം ബാധിച്ചത്. 779 പേര്‍ ഇതുവരെ മരിച്ചു. നിലവില്‍ 6,973പേരാണ് ചികിത്സയിലുള്ളത്.

Related posts

Leave a Comment