24 മണിക്കൂറിനിടെ 7000ത്തോളം പുതിയ കേസുകള്‍; കൊവിഡ്-19 ബാധയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 138,845 ആയി. 154 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4, 021 ആയി.

ഇതുവരെ 57,721 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ കണക്കനുസരിച്ച്‌ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളില്‍ ഇറാനെ പിന്തള്ളിയിരിക്കുകയാണ് ഇന്ത്യ. യു.എസ്, ബ്രസീല്‍, റഷ്യ, യു.കെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇന്ത്യ എന്നിവയാണ് പത്ത് രാജ്യങ്ങള്‍.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച 3,041 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട്‌ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 50,231 ആയി. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

മഹാരാഷ്ട്രയില്‍ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശാക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം പൊതുമരാമത്ത് മന്ത്രിയാണിപ്പോള്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചതിന് ശേഷവും ഇദ്ദേഹം സ്വദേശമായ മറാത്ത്വാഡയില്‍നിന്നും മുംബൈയിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നെന്നാണ് വിവരം. ഇദ്ദേഹത്തെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts

Leave a Comment