ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരി വലിയ തോതില്‍ പടരുന്ന ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ ആഗോള അടിസ്ഥാനത്തില്‍ ഒമ്ബതാമതെത്തി. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി. 4076 പേര്‍ക്കാണ് ഇതിനകം ജീവന് നഷ്ടപ്പെട്ടത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും ഓരോ ദിവസം കഴിയുന്തോറും വലിയ വര്‍ധനവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7466 കേസുകളും 175 മരണവുമാണുണ്ടായത്. ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരണ സംഖ്യയില്‍ ചൈനയെക്കാള്‍ മുകളിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. രോഗികളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും. രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. 17 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയെ കൂടാതെ ബ്രസീല്‍, റഷ്യ, യുകെ, സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് ഇന്ത്യയേക്കാള്‍ മുന്നിലുള്ളത്.
മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് സംഹാരതാണ്ഡവമാടുകയാണ്. മഹാരാഷ്ട്രയില്‍ 59,546 കേസുകളും 1982 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 85 മരണവും 2598 കേസുകളുമാണുണ്ടായത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1024 കേസുകളും 13 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് പെട്ടന്ന് രോഗികളുടെ എണ്ണത്തിലെ ഈ വലിയ വര്‍ധനവ് ഞെട്ടല്‍ ഉളവാക്കുന്നതാണ്. ഡല്‍ഹയില്‍ ഇതിനകം16281 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 316 പേര് മരണപ്പെടുകയും ചെയ്തു.
തമിഴ്നാട്ടില്‍ 19327 കേസുകളും 145 മരണവുമാണ് ഇതുവരെ ഉണ്ടായത്. ഗുജറാത്തില്‍ ഇന്നലെ 22 മരണവും 367 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 15562ഉം മരണം 960തുമായി. രാജസ്ഥാനില്‍ 180, മധ്യപ്രദേശില്‍ 321, ഉത്തര്‍പ്രദേശില്‍ 197, ബംഗാളില്‍ 295 മരണവും റിപ്പോര്‍ട്ട് ചെയ്തു.