ധാര മുറിയാതെ മഴ, കരകവിഞ്ഞൊഴുകി യമുന, പകച്ച് രാജ്യതലസ്ഥാനം

ന്യൂഡൽഹി: മൂന്നു ദിവസമായി ധാരമുറിയാതെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടിലായിരിക്കുകയാണ് രാജ്യതലസ്ഥാനം. പ്രളയഭീഷണിക്കു മുന്നിൽ ഡൽഹി പകച്ചുനിൽക്കുന്നു.

റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാനദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമൊഴുകുന്നു. ഡൽഹിയിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു കാരണം തേടുകയാണു വിദഗ്ധർ

അപകടപരിധിയായ 205 മീറ്റർ കവിഞ്ഞും യമുന നിറഞ്ഞൊഴുകുകയാണ്. വ്യാഴാഴ്ച രാവിലെ 8ന് 208.48 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് ഇനിയും ഉയരുമെന്നാണു മുന്നറിയിപ്പ്.

1978ലെ 207.59 എന്ന ജലനിരപ്പ് പരിധിയെയും മറികടന്നും വെള്ളം നിറയുന്നത് ആശങ്കയുണ്ടാക്കുന്നു. നദീതീരത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.

ഉത്തരേന്ത്യയിൽ പൊതുവേ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും പ്രളയഭീഷണി തുടരുകയാണ്.

ഹരിയാനയിലെ ഹത്‌നി കുണ്ഡ് അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതും ഡൽഹിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെകനത്ത മഴയുമാണു രാജ്യതലസ്ഥാനത്തെ വെള്ളക്കെട്ടിലാക്കിയത് എന്നാണു പ്രാഥമിക നിഗമനമെന്ന് അധികൃതർ പറയുന്നു.

എന്നാൽ മറ്റു കാരണങ്ങളുമുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നു ഡൽഹി സർക്കാർ പറയുന്നുണ്ടെങ്കിലും ജനങ്ങൾ ഭയത്തിലും പ്രതിഷേധത്തിലുമാണ്.

Related posts

Leave a Comment