യൂണിഫോം സിവില്‍ കോഡ്: ക്രിസ്ത്യാനികളേയും ഗോത്രവര്‍ഗക്കാരെയും ഒഴിവാക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി:  യൂണിഫോം സിവില്‍ കോഡ് നിയമനിര്‍മ്മാണത്തില്‍ നിന്ന് ക്രിസ്ത്യന്‍ സമൂഹത്തെയും ചില ഗോത്രവര്‍ഗ്ഗക്കാരെയും ഒഴിവാക്കുന്നത് നിയമകമ്മീഷന്റെ പരിഗണനയിലാണെന്ന് നാഗാലാന്റ് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്.

കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള 12 അംഗ നാഗാ പ്രതിനിധി സംഘം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുന്നതും ഇന്തോ-നാഗ സമാധാന ചര്‍ച്ചകളിലെ പുരോഗതിയില്ലായ്മയും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ആശങ്കകളെക്കുറിച്ച് സംസാരിക്കുന്നതിനായിരുന്നു ഇത്.

ഈ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇത്തരമൊരു ഉറപ്പ് നല്‍കിയത് എന്നാണ് സര്‍ക്കാര്‍ വക്താവ് കെ ജി കെന്യെ പറഞ്ഞത്.

നാഗാലാന്‍ഡിന് ബാധകമായ ആര്‍ട്ടിക്കിള്‍ 371 (എ) യെ കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ ഉപദേശകന്‍ കൂടിയായ കെന്യെ പറഞ്ഞു.

”1960 ജൂലൈയില്‍ നാഗാ ഗോത്രങ്ങളും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച കരാറുണ്ട്. ഈ കരാര്‍ പ്രകാരം ആര്‍ട്ടിക്കിള്‍ 371 (എ), നാഗാലാന്റിന്റെ

മതപരവും സാംസ്‌കാരികവുമായ ആചാരങ്ങളില്‍ ഉള്ള സ്വാതന്ത്ര്യത്തെ പാര്‍ലമെന്റ് പാസാക്കിയ ഒരു കേന്ദ്ര നിയമത്തിനും തടസപ്പെടുത്താന്‍ കഴിയില്ല.

അത്തരമൊരു നിയമം സംസ്ഥാന അസംബ്ലി ഒരു പ്രമേയമായി പാസാക്കിയാല്‍ മാത്രമേ അത് നാഗാലാന്റ് സംസ്ഥാനത്തിന് ബാധകമാകൂ’, കെന്യെ ചൂണ്ടിക്കാട്ടി.

അമിത് ഷായുടെ പ്രതികരണത്തില്‍ നാഗാ പ്രതിനിധികള്‍ തൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമ കമ്മീഷന്‍ വിജ്ഞാപനത്തിന് ശേഷം സംസ്ഥാനം ആശങ്കയിലായിരുന്നു.

യൂണിഫോം സിവില്‍ കോഡ് നാഗാലാന്റിലേക്കും വ്യാപിപ്പിച്ചാല്‍ അത് ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവും നാഗാ ജനതയും തമ്മിലുള്ള പാലമായ ആര്‍ട്ടിക്കിള്‍ 371 (എ) യുടെ സാധുതയെ ചോദ്യം ചെയ്യും എന്നും കെന്യെ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫ്രോണ്ടിയര്‍ നാഗ ടെറിട്ടറി എന്ന പേരില്‍ സ്വയംഭരണ കൗണ്‍സില്‍ രൂപവത്കരിക്കാനുള്ള കേന്ദ്ര നിര്‍ദേശവും സംഘം അമിത് ഷായുമായി ചര്‍ച്ച ചെയ്തു.

അതിനിടെ യൂണിഫോം സിവില്‍ കോഡ് വിഷയത്തില്‍ ആദിവാസി-ഗോത്രവര്‍ഗ വിഭാഗങ്ങളില്‍നിന്ന് കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ഗോത്ര വിഭാഗങ്ങളും ഇതിന് എതിരാണ്.

അതിനിടെ യൂണിഫോം സിവില്‍ കോഡ് പരിധിയില്‍ നിന്ന് ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണം എന്ന ആവശ്യവുമായി ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദിയും രംഗത്തെത്തിയിരുന്നു. ബി ജെ പി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് സുശീല്‍ കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ പ്രത്യേക ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണം എന്നാണ് സുശീല്‍ കുമാര്‍ മോദി പറഞ്ഞത്.

 

Related posts

Leave a Comment