ഇംഫാല്‍: കലാപ ബാധിത സംസ്ഥാനമായ മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു.
തുടര്‍ന്ന് ഗവര്‍ണറെ സന്ദര്‍ശിക്കുന്നതിനായി ഇംഫാലില്‍ മടങ്ങിയെത്തിയ രാഹുല്‍ രാജ്ഭവനിലേക്ക് പുറപ്പെട്ടു. ഒന്നരയ്ക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരിക്കുന്നത്.
ഗവര്‍ണറുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ക്യാംപുകളിലും സന്ദര്‍ശനം നടത്തി. അവിടുത്തെ അസൗകര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചു. ഇത് മണിപ്പൂരിന്റെ മാത്രം വേദനയല്ല, ഇന്ത്യയുടെ വേദനയാണ്.
ഇത് അവസാനിപ്പിക്കണം. സമാധാനത്തിനായി തന്നാലാവുന്നത് ചെയ്യും. സമാധാനത്തെ കുറിച്ച് മാത്രമായിരിക്കണം എല്ലായ്‌പ്പോഴും സംസാരിക്കേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ഇന്നലെ ഇംഫാലില്‍ എത്തിയ രാഹുല്‍ ഗാന്ധി ഹെലികോപ്ടര്‍ മാര്‍ഗം ചുരാചന്ദ്രപുരില്‍എത്തി കുക്കികളുടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇന്ന് ഹെലികോപ്ടര്‍ മാര്‍ഗം മൊയ്‌രാങ്ങിലെത്തിയ രാഹുല്‍ മെയ്‌തെയ് വിഭാഗങ്ങള്‍ പാര്‍ക്കുന്ന ദുരിതാശ്വാസ ക്യാമ്ബിലും എത്തിയിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ രാഹുലിന്റെ റോഡ് മാര്‍ഗമുള്ള യാത്ര പോലീസ് തടഞ്ഞതോടെയാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ കുക്കി, മെയ്‌തെയ് വിഭാഗങ്ങള്‍ സ്വാഗതംചെയ്തിരുന്നു.
രാഹുലിനെ പോലീസ് തടഞ്ഞതോടെ സ്ത്രീകളടക്കം റോഡിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നൂ.
ഇന്നു രാഹുല്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ റോഡിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയ ജനങ്ങള്‍ രാഹുലിനെ സ്വാഗതം ചെയ്യുന്നതും ഞങ്ങള്‍ക്ക് സമാധാനം വേണമെന്ന് വിളിച്ചുപറയുന്നതും കേള്‍ക്കാമായിരുന്നു.
അതിനിടെ, മുഖ്യമന്ത്രി ബിരേണ്‍ സിംഗ് രാജിവയ്ക്കുമെന്ന ശ്രുതിയും പരന്നു. എന്നാല്‍ ബിരേണ്‍ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സ്ത്രീകള്‍ മുഖ്യമന്ത്രയുടെ ഓഫീസില്‍ എത്തി.
ബിജെപി വനിതാ വിഭാഗം നേതാക്കള്‍ അടക്കം ബിരേണ്‍ സിംഗിനെ സന്ദര്‍ശിച്ച് രാജി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
ഒരു വിഭാഗം സ്ത്രീകള്‍ രാജ് ഭവനിലേക്ക തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ പോലീസ് തടഞ്ഞു.