കമ്ബിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു

പത്തനംതിട്ട: ആറന്മുള പഞ്ചായത്തിലെ കളരിക്കോട് വാര്‍ഡില്‍ പരുത്തുപാറയില്‍ കമ്ബിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു. ഇടയാറന്മുള കണ്ടന്‍ചാത്തന്‍കുളഞ്ഞിയില്‍ സജി (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കളരിക്കോട് വടക്കേതില്‍ റോബിനെതിരെ (26) പൊലീസ് കേസെടുത്തു. മരിച്ച സജിയും സുഹൃത്ത് സന്തോഷും തെരുവുനായയെ ഓടിക്കാന്‍ കമ്ബിവടിയുമായി പോകുമ്ബോഴാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കമ്ബിവടിയുമായി എത്തിയ ഇവരോട് മനുഷ്യനെ കൊല്ലാന്‍ ഇറങ്ങിയതാണോ എന്ന് റോബിന്‍ ചോദിച്ചിരുന്നു. ഇതോടെ തുടങ്ങിയ തര്‍ക്കം അടിപിടിയിലാണ് കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സജി മരിച്ചത്. തടയാന്‍ ശ്രമിച്ച സുഹൃത്ത് സന്തോഷിന്റെ കൈയ്ക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. ഇരുവരും കമ്ബിവടിയുമായി പോയ സാഹചര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.

റോഡപകടങ്ങളിലെ രക്ഷകര്‍ക്ക് പാരിതോഷികം; പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

തൊടുപുഴ: റോഡപകടങ്ങളില്‍ ഗുരുതര പരിക്കേല്‍ക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിച്ച്‌ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി പദ്ധതി നടത്തിപ്പിനുള്ള ജില്ലതല അപ്രൈസല്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച്‌ റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. നട്ടെല്ലിന് ക്ഷതം, തലച്ചോറിന് പരിക്ക്, വലിയ സര്‍ജറി വേണ്ടിവരുന്ന പരിക്ക്, മൂന്ന് ദിവസമെങ്കിലും ആശുപത്രിവാസം തുടങ്ങിയവക്ക് കാരണമാകുന്ന അപകടങ്ങളില്‍പെടുന്നവരെ ഒരു മണിക്കൂറിനകം തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും നല്‍കുന്നതാണ് പദ്ധതി. ഒരു അപകടത്തില്‍പെട്ട ഒന്നിലധികം പേരെ ഒന്നിലധികം പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയാല്‍ രക്ഷപ്പെട്ടവരുടെ എണ്ണത്തിനനുസരിച്ച്‌ ഓരോ രക്ഷാപ്രവര്‍ത്തകനും 5000 രൂപ വീതം നല്‍കും. ഒരാള്‍ക്ക് ഒരു വര്‍ഷം പരമാവധി അഞ്ച് തവണയാണ് പാരിതോഷികത്തിന് അര്‍ഹത. വിവിധ സംസ്ഥാനങ്ങളില്‍…

വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം ∙ വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുന്‍-പിന്‍ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.   കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക് ഫിലിം എന്നിവയ്ക്ക് നിരോധനം തുടരും. ആശയക്കുഴപ്പത്തിന് കാരണം നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ്. ഗ്ലെയ്‌സിങ് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ നിയമോപദേശം തേടും. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കരുത് എന്ന കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച്‌ ആശയക്കുഴപ്പം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണമെന്നും മന്ത്രി വ്യക്തമാക്കി. ഗ്ലെയ്സിങ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച്‌ ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി…

ചക്കയെച്ചൊല്ലി തര്‍ക്കം:അച്ഛന്‍ വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി.

തൃശ്ശൂര്‍:കുടുംബത്തര്‍ക്കത്തെ തുടര്‍ന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്ബാലിപുറത്ത് വീട്ടില്‍ സജേഷിനെ (46) ആണ് പിതാവ് ശ്രീധരന്‍റെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എല്‍ സി പരീക്ഷയെഴുതാനുള്ള ഹാള്‍ ടിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവച്ച്‌ നശിപ്പിച്ചു.ശ്രീധരന്‍റെ മകള്‍ താമസിക്കുന്ന പെരിഞ്ചേരിയിലെ വീട്ടില്‍ നിന്നും മരുമകന്‍ എത്തിച്ച ചക്കയെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്കും ഒടുവില്‍ വീടിന് തീയിടുന്നതിലേക്കുമെത്തിയത്.   സജേഷിന്‍റെ ഭാര്യ വിദേശത്താണ്. സജേഷിനൊപ്പം പത്താം ക്ളാസിലും എട്ടാംക്ളാസിലും പഠിക്കുന്ന രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്. ഞായറാഴ്ച പകലില്‍ ശ്രീധരന്‍റെ മകളുടെ ഭര്‍ത്താവ് സജേഷിന്‍റെ വീട്ടില്‍ ചക്ക എത്തിച്ചിരുന്നു. ഇത് കൊണ്ടു വന്നത് ചോദിച്ച്‌ സജേഷും ശ്രീധരന്‍റെ മരുമകനുമായും തര്‍ക്കത്തിലാവുകയും കത്തിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തര്‍ക്കത്തിന് ശേഷം മരുമകനുമൊന്നിച്ച്‌ പെരിഞ്ചേരിയിലേക്ക് മടങ്ങിയിരുന്നു. പിന്നീട് രാത്രിയിലാണ് സജേഷ് വീടിന് തീയിട്ടത്. സജേഷിന്‍റെ വീടിന് സമീപത്തുള്ളവരാണ് വീടിന്…

രാജ്യത്ത് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ടായിരത്തിലധികം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 1150 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 214 പേരാണ് കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞത്. ഇതോടെ ആകെ മരണം 5,21,965 ആയി ഉയര്‍ന്നു. നിലവില്‍ 11,542 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 0.32 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,985 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,10,773 ആയി ഉയര്‍ന്നു. നിലവില്‍ 98.76 ശതമാനമാണ്‌ രോഗമുക്തി നിരക്ക്. ഡല്‍ഹിയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 7.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം രാജ്യതലസ്ഥാനത്ത് 501 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.