’20 കോടിയുടെ’ വിഗ്രഹം 10 കോടിക്ക്​ വാങ്ങാനെത്തിയത്​ പൊലീസ്; ഏഴു പേര്‍ പിടിയില്‍

പാവറട്ടി (തൃശൂര്‍): നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വില്‍പന നടത്താന്‍ ശ്രമിച്ച പ്രതികളെ തൃശൂര്‍ സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും ചേര്‍ന്ന് അറസ്​റ്റ്​ ചെയ്തു.

പാവറട്ടി പാടൂര്‍ മതിലകത്ത് അബ്​ദുല്‍ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ട്കാവ് അനിഴം നിവാസില്‍ ഗീതാറാണി (63), പത്തനംതിട്ട കളരിക്കല്‍ ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം പള്ളിക്കല്‍ വിഷ്ണുസദനം ഉണ്ണികൃഷ്ണന്‍ (33), എളവള്ളി കണ്ടംപുള്ളി സുജിത് രാജ് (39), തൃശൂര്‍ പടിഞ്ഞാറേകോട്ട കറമ്ബക്കാട്ടില്‍ ജിജു (45), പുള്ള് തച്ചിലേത്ത് അനില്‍കുമാര്‍ (40) എന്നിവരാണ് പിടിയിലായത്.

പാടൂരിലെ ആഡംബര വീട് കേന്ദ്രീകരിച്ച്‌ 20 കോടി മൂല്യമുള്ള വിഗ്രഹം വില്‍പനക്ക്​ വെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ മുമ്ബ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന്​ മോഷണം പോയതാണെന്നും കല്‍പറ്റ കോടതിയില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ രണ്ടര കോടി രൂപ കെട്ടിവെച്ചതിനുശേഷം വിട്ടുകിട്ടിയതാണെന്നുമാണ് പ്രതികള്‍ പറഞ്ഞിരുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ കാണിച്ചിരുന്നു.

20 കോടി രൂപ വില പറഞ്ഞ വിഗ്രഹം, പത്തുകോടി രൂപക്ക്​ വാങ്ങാനെന്ന വ്യാജേന ഇടനിലക്കാര്‍ മുഖാന്തരമാണ് പ്രതികളെ ഷാഡോ പൊലീസ് സമീപിച്ചത്. സ്വര്‍ണം പൂശിയ വിഗ്രഹവും വ്യാജമായി തയാറാക്കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും കോടതിയില്‍നിന്നുള്ള വ്യാജ വിടുതല്‍ രേഖയും തനി തങ്കമാണെന്ന് വിശ്വസിപ്പിക്കാന്‍ റീജനല്‍ ഫോറന്‍സിക് ലബോറട്ടറിയുടെ വ്യാജ സീല്‍ പതിപ്പിച്ച രേഖകളും മൂന്ന് ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.

ഗീതാറാണിക്കെതിരെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം ഈടാക്കിയതിന്​ ഉള്‍പ്പെടെ വിവിധ പൊലീസ് സ്​റ്റേഷനുകളില്‍ നിരവധി തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്. ഷാജിക്കെതിരെ തൃശൂര്‍ വെസ്​റ്റ്​ പൊലീസ് സ്​റ്റേഷനില്‍ 18 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തതിന് കേസ് നിലവിലുണ്ട്.

പ്രതികളെ അറസ്​റ്റ്​ ചെയ്ത സംഘത്തില്‍ പാവറട്ടി എസ്.എച്ച്‌.ഒ എം.കെ. രമേഷ്, സബ് ഇന്‍സ്പെക്ടര്‍ രതീഷ്, ജോഷി, ഷാഡോ പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാഗേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പഴനിസ്വാമി, ടി.വി. ജീവന്‍, എം.എസ്. ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണുണ്ടായിരുന്നത്​.

Related posts

Leave a Comment