‘സർക്കാരിന് അപകീർത്തി’; ശമ്പളമില്ലെന്ന ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടറെ പറപ്പിച്ചു

വൈക്കം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടങ്ങിയിട്ട് കാലം കുറിച്ചായി.

തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ ആണെങ്കിലും ഇതുപോലൊരു ദുരിതം മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ പക്ഷം. തോന്നിയതു പോലെ ശമ്പളം കൊടുക്കുന്ന സ്ഥാപനമായി മാറിയിട്ടുണ്ട് കെഎസ്‌ആര്‍ടിസി.

എന്നാല്‍ ശമ്പളം കിട്ടിയില്ലെങ്കിലും പ്രതിഷേധിക്കരുതെന്നാണ് കോര്‍പ്പറേഷന്റെ തിട്ടൂരം. അല്ലാതെ നേരിയ പ്രതിഷേധം ഉയര്‍ന്നവര്‍ക്കെതിരെ പ്രതികാരം നടപടികളും കൈക്കൊള്ളുന്നു.

ശമ്പളം കിട്ടാതെ വന്നപ്പോള്‍ ശമ്പളരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച്‌ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം വിവാദമാകുയാണ്. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്.

ജനുവരി 11-നാണ് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബാഡ്ജ് ധരിച്ച്‌ അഖില ഡ്യൂട്ടി ചെയ്തത്.

ആ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കോര്‍പ്പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ അഖില അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ഥം സ്ഥലം മാറ്റിയെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരുത്തിയെന്നും കെഎസ്‌ആര്‍ടിസിയുടെ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു.

അതേസമയം കോര്‍പ്പറേഷന്റെ സ്ഥലം മാറ്റ നടപടിയില്‍ ജീവനക്കാര്‍ക്കിടയിലും പ്രതിഷേധം ശക്തമാകുകയാണ്. ശമ്പളം നല്‍കാതിരിക്കുന്നതില്‍ പ്രതിഷേധിക്കുമ്ബോള്‍ എന്തുകൊണ്ടാണ് ഇത്തരം നടപടികള്‍ എന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

എന്നാല്‍ സ്ഥലം മാറ്റം സംബന്ധിച്ച്‌ യാതൊരു വിധത്തിലുള്ള ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്ഥലം മാറ്റ വിവരം താന്‍ അറിഞ്ഞതെന്നും അഖില പ്രതികരിച്ചു.

ശമ്പളം ലഭിക്കാതെ സാമ്ബത്തിക പ്രതിസന്ധിയിലായതോടയാണ് താന്‍ പ്രതിഷേധിച്ചത്. അതും ജോലി കൃത്യമായി ചെയ്തുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നിശബ്ദമായാണ് പ്രതിഷേധിച്ചത്.

ജനുവരി 11നായിരുന്നു അഖിലയുടെ ഈ മൗന പ്രതിഷേധം. അതിനുശേഷം കോട്ടയം ഡിപ്പോയിലെ സ്‌ക്വാഡ് ഐസി വിളിപ്പിച്ച്‌ സംഭവത്തില്‍ അഖിലയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് രണ്ട് മാസങ്ങള്‍ക്കു ശേഷം മാര്‍ച്ച്‌ 23നാണ് ഇപ്പോള്‍ അഖിലയെ സ്ഥലം മാറ്റിയിരിക്കുന്നത്.

അതേസമയം ശനിയാഴ്ച തന്നോട് ജോലിക്ക് വരേണ്ടതില്ലെന്ന് ഡിപ്പോയില്‍ നിന്നും അറിയിക്കുകയുണ്ടായി. അതല്ലാതെ കെഎസ്‌ആര്‍ടിസി സ്ഥലംമാറ്റ രേഖയൊന്നും തനിക്ക് നല്‍കിയിട്ടില്ലെന്നും അഖില പറഞ്ഞു.

കെഎസ്‌ആര്‍ടിസി ബിഎംഎസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില. കെഎസ്‌ആര്‍ടിസിയുടെ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിഎംഎസ് അറിയിച്ചു.

നേരത്തെ കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ ബസുകളില്‍ പോസ്റ്ററുകള്‍ പതിച്ച്‌ സിഐടിയു അടക്കമുള്ളവര്‍ പ്രതിഷേധിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിഇഎ(സിഐടിയു) കൊല്ലം ജില്ലാ കമ്മിറ്റിയാണ് ബിജു പ്രഭാകറിനെതിരെ പോസ്റ്ററുകള്‍ പതിച്ചത്.

ബസുകള്‍ക്ക് മുന്നില്‍ ഉള്‍പ്പെടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പുതിയ ശമ്ബള വിതരണ രീതിക്കെതിരെയാണ് പോസ്റ്ററുകള്‍.

Related posts

Leave a Comment