വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കെ മുരളീധരനെ അവഗണിച്ചുവെന്ന് ശശി തരൂര്‍ എംപി.
കോട്ടയം ഡിഡിസി സംഘടപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ശശി തരൂര്‍ നിലപാട് പറഞ്ഞത്.
തനിക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല എന്നതില്‍ പരിഭവമില്ലെന്നും എന്നാല്‍ കെ മുരളീധരനോട് കാട്ടിയത് നീതികേടാണെന്നുമുള്ള ശശി തരൂരിന്റെ പരസ്യ നിലപാട് ഈ വിഷയം അങ്ങനെയൊന്നും അവസാനിക്കില്ലെന്നതിന്റെ സൂചനയാണ്.
മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കെ മുരളീധരന്‍ സീനിയര്‍ നേതാവാണെന്നും സീനിയര്‍ നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ തുറന്നടിച്ചു.
പാര്‍ട്ടിയെ നന്നാക്കി മുന്നോട്ടു കൊണ്ടുപോകണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ പ്രധാന നേതാക്കളെ ഒഴിവാക്കരുതെന്ന ശശി തരൂരിന്റെ നിലപാട് കെപിസിസി നേതൃത്വത്തോടുള്ള പരോക്ഷമായ വെല്ലുവിളി കൂടിയാണ്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ വേദിയില്‍ കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. വേദിയിലെത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന് ഇരിക്കാന്‍ ഇരിപ്പിടവും ആദ്യം ലഭിച്ചിരുന്നില്ല.
പ്രസംഗിക്കാന്‍ മുന്‍ കെപിസിസി അധ്യക്ഷന്മാരെ ക്ഷണിച്ചിട്ടും തന്നെ ഒഴിവാക്കിയതെന്തെന്ന് മുരളീധരന്‍ കെപിസിസി അധ്യക്ഷനോട് ചോദിക്കുകയും ചെയ്തിരുന്നു. സദസ്സ് നിയന്ത്രിച്ചവര്‍ മറന്നു പോയതാവാമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.
സുധാകരന്റെ മറുപടിയിലും കെ മുരളീധരന്‍ അതൃപ്തനാണെന്നാണ് പുറത്തുവന്ന വിവരം.