ന്യൂഡെല്‍ഹി : 18-ാം ലോക്‌സഭയുടെ സ്പീകറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ളയെ സ്പീകറാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോടോടെ പാസാക്കുകയായിരുന്നു.
സ്പീകര്‍ തിരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോടെടുപ്പ് ആവശ്യപ്പെടാതിരുന്നതോട് കൂടിയാണ് ഓം ബിര്‍ളയെ ശബ്ദവോടോടെ സ്പീകറായി തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് അദ്ദേഹത്തെ സ്പീകര്‍ കസേരയിലേക്ക് ആനയിച്ചത്.
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നിലവിലെ സ്പീകര്‍ ഓം ബിര്‍ലയെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡ്യാ സഖ്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെയാണ് നിര്‍ത്തിയത്.
ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് 13 പ്രമേയങ്ങള്‍ ആണ് എത്തിയത്.
കൊടിക്കുന്നില്‍ സുരേഷിന്റെ പേരു നിര്‍ദേശിച്ച് മൂന്ന് പ്രമേയങ്ങളുമെത്തി. ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു.
1998ന് ശേഷം ആദ്യമായാണ് സ്പീകര്‍ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ രംഗത്തെത്തുന്നത്.
ഡെപ്യൂടി സ്പീകര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുമെന്ന് ഉറപ്പ് നല്‍കാന്‍ സര്‍കാര്‍
തയ്യാറാകാതിരുന്നതോടെയാണ് സ്പീകര്‍ പദവിയില്‍ സമവായ നീക്കം പൊളിഞ്ഞതും പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും.
ഡെപ്യൂടി സ്പീകര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുകയെന്ന കീഴ് വഴക്കം അംഗീകരിക്കാന്‍ തയ്യാറായാല്‍ സ്പീകറുടെ കാര്യത്തില്‍ സമവായമാകാമെന്ന നിലപാടാണ് ഇന്‍ഡ്യ സഖ്യം സ്വീകരിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ സര്‍കാര്‍ തയ്യാറാകാത്തിരുന്നതിനാല്‍ അവസാന നിമിഷം ഇന്‍ഡ്യ
സഖ്യം സ്പീകര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
542 അംഗ സഭയില്‍ 271 വോടാണ് സ്പീകര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്.