പെലെ എന്ന അഗ്നിപർവതം; കോരിത്തരിച്ച കാലം

ഹീബ്രു ഭാഷയില്‍ പെലെ എന്ന വാക്കിന് അത്ഭുതം എന്നാണത്രെ അര്‍ഥം. കറുത്ത മുത്ത് എന്നു ഫുട്‌ബോള്‍ ലോകം വാത്സല്യത്തോടെ വിളിച്ച പെലെ കളിക്കളത്തിലെ അത്ഭുതമായിരുന്നു.

ആ അത്ഭുതം ഇനിയില്ല. ഇനി അങ്ങനെയൊരാള്‍ ഉണ്ടാകുമോ എന്നു പറയാനുമാവില്ല. ഉണ്ടായാലും അവരാരും പെലെയെപ്പോലെ ആവുമെന്നു കരുതാനും വയ്യ.

ഫുട്‌ബോള്‍ മൈതാനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒരുങ്ങുന്നതായിരുന്നില്ല എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെയുടെ ജീവിതവും പ്രതിഭയും.
റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടേക്കാം.
പക്ഷേ, ആ പ്രതിഭാസത്തിന്റെ ശോഭ മങ്ങുകയില്ല. അനശ്വരമായി നിലനില്‍ക്കുക തന്നെ ചെയ്യും. കാരണം, പെലെ അതു നേടിയ കാലവും അന്നത്തെ സാമൂഹ്യ, സാങ്കേതിക പശ്ചാത്തലവും ഇനി വരില്ല.

അതുകൊണ്ടുതന്നെ ഇനിയുള്ള നേട്ടങ്ങളെ അതുമായി താരതമ്യം ചെയ്യാനുമാവില്ല. പെലെ സമം പെലെ എന്നു തന്നെയേ പറയാനൊക്കൂ. ഫുട്‌ബോള്‍ ലോകത്തെ ധാരണകളും വിശ്വാസങ്ങളും അത്ഭുതകരമായി തിരുത്തിക്കുറിച്ച അസാമാന്യ പ്രതിഭയാണ് കടന്നു പോയത്.

പോയകാലത്തെ ആ മൂഹൂര്‍ത്തങ്ങളെ അതേ കരുത്തോടെയും സൗന്ദര്യത്തോടെയും ഉള്‍ക്കൊള്ളാന്‍ പുതിയ തലമുറയ്‌ക്കോ കാലത്തിനോ കഴിയില്ലായിരിക്കാം. പക്ഷേ, അത് ആ നേട്ടത്തിന്റെയോ കളിക്കാരന്റെയോ ശോഭകുറയ്ക്കുന്നില്ലല്ലോ.

കളിക്കളത്തിലെ പില്‍ക്കാലത്തെ രാജാക്കന്‍മാരുമായി തന്നെ താരതമ്യം ചെയ്യരുതെന്നു പെലെ തന്നെ പലതവണ പറഞ്ഞത് ഇതൊക്കെ മനസ്സില്‍ കുറിച്ചായിരിക്കണം.

ഒരു കാലത്തു ചൂടുപിടിച്ച പെലെ-മറഡോണ താരതമ്യത്തിന്റെ മൂര്‍ധന്യത്തിലായിരുന്നു ആ വാക്കുകള്‍. മറഡോണ മറഡോണയും പെലെ പെലെയുമാണെന്നാണ് അന്നു പറഞ്ഞത്. അതാണു സത്യവും.

ഹിറ്റ്‌ലറുടെ വര്‍ണവെറിക്കെതിരെ ജെസ്സി ഓവന്‍സ് എന്ന അത്‌ലിറ്റ്, ട്രാക്കിലെ നേട്ടങ്ങളിലൂടെ നടത്തിയ പോരാട്ടത്തിന്റെ സൗമ്യമായ രൂപമാണ് ഫുട്‌ബോള്‍ കളത്തിലൂടെ പെലെയും നടത്തിയത്.

കറുപ്പിന്റെ കരുത്തിനും സൗന്ദര്യത്തിനുമുള്ള മനസ്സുതുറന്ന അംഗീകാരമായാണ് പെലെയെ കറുത്ത മുത്തായി കാണാന്‍ ഫുട്‌ബോള്‍ ലോകം തയ്യാറായത്. പെലെയും ബ്രസീലും മൂന്നാം ലോകകിരീടം നേടിയ 1970ല്‍ ഇംഗഌണ്ടിനെ കീഴടക്കിയ ശേഷം അവരുടെ ബോബി മൂറുമായി ജഴ്‌സി കൈമാറുകയും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്ത പെലെ, വര്‍ണ വിവേചനത്തിന്റെ അതിരുകള്‍ ഇല്ലാതാക്കിയതായി വിശേഷിപ്പിക്കപ്പെട്ടിരുന്നു.

നൈജീരിയയില്‍ കലാപം നടമാടുന്ന സമയത്ത് അവിടെയെത്തിയ പെലെയുടെ കളികാണാന്‍ കാലാപകാരികള്‍ തത്ക്കാലത്തേയ്ക്കു സമാധാനം പ്രഖ്യാപിച്ചത് പെലേയ്ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്.

രാഷ്ട്രത്തലവന്‍മാര്‍ പോലും പെലെയെ കാണാന്‍ കാത്തിരുന്നു. കളികളുടെ ലോകത്തെ, യഥാര്‍ഥ ലോകത്തിനും മുകളില്‍ പ്രതിഷ്ഠിക്കുകയായിരുന്നു പെലെ. എല്ലാം ചെയ്തത് മാന്യതയുടേയും മര്യാദയുടേയും കൃത്യമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടു തന്നെ. ഒരു വിവാദത്തിലും കുടുങ്ങിയില്ല.

ആരോപണങ്ങള്‍ക്ക് അതീതനായി നില്‍ക്കാന്‍ കഴിഞ്ഞ ഈ പെലെയാണ് കളിക്കളത്തിലെ യഥാര്‍ഥ നക്ഷത്ര ശോഭ.

 

Related posts

Leave a Comment