ഗർഭിണിയെ വനത്തിലൂടെ ചുമന്നത് 300 മീറ്റർ മാത്രമെന്ന് മന്ത്രി; കള്ളം പറയേണ്ട കാര്യമില്ലെന്ന് കുടുംബം

പാലക്കാട്: അട്ടപ്പാടിയില്‍ പ്രസവവേദന വന്ന യുവതിയെ ആംബുലന്‍സില്‍ കയറ്റാന്‍ മൂന്നര കിലോമീറ്ററോളം ദൂരം തുണിയില്‍ കെട്ടി ചുമന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്ത.

എന്നാല്‍ ഇത് നുണയാണെന്നും ആകെ 300 മീറ്റര്‍ മാത്രമാണ് നടന്നതെന്നും പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ വസ്തുത എന്താണെന്ന് പരിശോധിക്കാം.

ശനിയാഴ്ച രാത്രി 12.45 നാണ് കടുകുമണ്ണ ആദിവാസി ഊരിലെ സുമതിക്ക് പ്രസവ വേദന വന്നത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് മുരുകനും ഊരുകാരും ശ്രമം ആരംഭിച്ചു.

ട്രൈബല്‍ പ്രൊമോട്ടര്‍ ജ്യോതി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് പ്രിയയെ വിവരം അറിയിച്ചു.

24 മണിക്കൂറും സേവനം ഉറപ്പു നല്‍കിയിരുന്ന പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്‍്റെ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് വിളിച്ചു. 2.45നാണ് ആനവായ് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് വരെ ആംബുലന്‍സ് എത്തിയത്.

ഇവിടെ നിന്നും രണ്ടര കിലോമീറ്ററോളം ദൂരമുണ്ട് കടുകുമണ്ണ ഊരിലേക്ക്. മന്ത്രിയുടെ വാദം തെറ്റെന്ന് സുമതിയുടെ ഭര്‍ത്താവ് മുരുകന്‍

300 മീറ്റര്‍ മാത്രമാണ് സുമതിയെ തുണിയില്‍ കെട്ടി ചുമന്നത് എന്ന മന്ത്രി കെ രാധാകൃഷ്ണന്‍്റെ വാദം തെറ്റാണെന്ന് സുമതിയുടെ ഭര്‍ത്താവ് മുരുകന്‍ പറയുന്നു. ആനവായ് ഫോറസ്റ്റ് ക്യാമ്പ് ഷെഡ് (ഔട്ട് പോസ്റ്റ് ) വരെ മാത്രമാണ് ആംബുലന്‍സ് വന്നത്.

ട്രൈബല്‍ ഡിപ്പാര്‍ട്മെന്‍്റിന്‍്റെ വാഹനം വിളിച്ചിട്ട് കിട്ടിയില്ലെന്നും മുരുകന്‍ പറയുന്നു. മഴ ഉണ്ടായിരുന്നതിനാല്‍ ഊരിന് താഴെയുള്ള പുഴ വരെ വണ്ടിക്ക് വരാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.

ഏകദേശം രണ്ടു കിലോമീറ്ററിലേറെ ദൂരമുണ്ട്. അല്ലാതെ മന്ത്രി പറഞ്ഞ പോലെ 300 മീറ്റര്‍ മാത്രമല്ല നടന്നതെന്നും മുരുകന്‍ വ്യക്തമാക്കി.

300 മീറ്റര്‍ മാത്രം നടന്നാല്‍ മതിയെങ്കില്‍ സുമതിയെ തുണിയില്‍ കെട്ടി ചുമക്കേണ്ട കാര്യമില്ലെന്നും മുരുകന്‍ പറയുന്നു.

മന്ത്രിയുടെ നിലപാടിനെതിരെ വി കെ ശ്രീകണ്ഠന്‍ എം പി യും രംഗത്ത് വന്നു. ആനവായ് ഊരില്‍ നിന്നും കടുകുമണ്ണയിലേക്ക് മൂന്നര കിലോമീറ്ററോളം ദൂരമുണ്ടെന്ന് എം പി പറഞ്ഞു. മുന്‍പ് ഒന്നര മണിക്കൂറോളം നടന്നാണ് താന്‍ അവിടെ എത്തിയത്.

പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാതെ ദുരിതാവസ്ഥ പുറത്ത് കൊണ്ടു വന്നവരെ മന്ത്രി കളിയാക്കുകയാണ് ചെയ്യുന്നതെന്നും എം പി വ്യക്തമാക്കി.

മന്ത്രി ഊരിലേക്ക് വന്ന് യാഥാര്‍ത്ഥ്യം നേരിട്ട് മനസ്സിലാക്കണമെന്ന് പുതൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്ബര്‍ ശെന്തിലും പറഞ്ഞു. യാത്രാദുരിതം ഏറെയുള്ള കടുകുമണ്ണയില്‍ സംഭവ ദിവസം ആനവായ് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് വരെ മാത്രമേ ആംബുലന്‍സ് എത്തിയിരുന്നുള്ളു.

എന്നാല്‍ മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.  മുന്‍പ് അട്ടപ്പാടി മുരഗള ആദിവാസി ഊരിലേക്ക് കുഞ്ഞിന്‍്റെ മൃതദേഹവുമായി അച്ചന്‍ നടന്നു പോയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.

Related posts

Leave a Comment