17 വര്‍ഷത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ആഘോഷിച്ച്‌ ദിവ്യ ഉണ്ണി

17 വര്‍ഷത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ആഘോഷിച്ച്‌ ദിവ്യ ഉണ്ണി. വര്‍ഷങ്ങളായി അമേരിക്കയിലാണ് ദിവ്യയുടെ താമസം. എന്നാല്‍ ഇത്തവണ ഓണാഘോഷം നാട്ടിലാക്കുകയായിരുന്നു. ഓണച്ചിത്രങ്ങളുമായി താരം തന്നെയാണ് ആരാധകരുമായി വിശേഷം പങ്കുവെച്ചത്.

മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിച്ച ഈ ഓണം വിലപ്പെട്ടതായിരിക്കും എന്നാണ് താരം കുറിച്ചത്. ‘ചിലപ്പോള്‍ ദിനങ്ങളല്ല, നിമിഷങ്ങളാണ് ഓര്‍ത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വര്‍ഷത്തിനുശേഷം എന്റെ മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിച്ച ഈ ഓണം എന്നും വിലപ്പെട്ടതായിരിക്കും.

എന്റെ കുഞ്ഞുമകള്‍ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് എന്തിനേക്കാളും വലിയ ആനന്ദമായിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ സ്നേഹം.’- താരം കുറിച്ചു. അച്ഛനും അമ്മയ്ക്കും ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ദിവ്യയ്ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. മകളുടെ ചോറൂണിന്റേയും മറ്റ് വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അമേരിക്കയില്‍ എന്‍ജിനീയറായ അരുണ്‍ കുമാറാണ് ദിവ്യയുടെ ഭര്‍ത്താവ്. ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മക്കള്‍. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്.

https://www.instagram.com/p/CEowsV1pV4_/?utm_source=ig_web_button_share_sheet

Related posts

Leave a Comment