പാലക്കാട് ∙ കഞ്ചാവ് പൊതിയുമായി കുളത്തിലേക്കു ചാടിയ പ്രതിയെ നീന്തിപ്പിടിച്ച് പാലക്കാട് പുതുനഗരം പൊലീസ്. കൊടുവായൂര്‍ സ്വദേശി സനൂപ് പൊലീസ് കൈകാണിച്ചിട്ടും ബൈക്ക് നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ഏറെ ദൂരം യാത്ര ചെയ്‌ത ശേഷമാണ് കുളത്തിൽ ചാടിയത്. നാല് കിലോയിലധികം കഞ്ചാവുമായി സനൂപിനെ പിടികൂടിയെങ്കിലും ബൈക്കിനു പിന്നിലുണ്ടായിരുന്ന കൂട്ടുപ്രതി രക്ഷപ്പെട്ടു.
കൊടുവായൂരിനു സമീപം എസ്ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുമ്പോഴാണ് പൊലീസ് കൈകാണിച്ചിട്ടും രണ്ട്യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം നിര്‍ത്താതെ പാഞ്ഞത്. പൊലീസിന് സംശയമായി. പിന്നാലെ പാഞ്ഞുഒടുവില്‍ വാഹനം പിടികൂടുമെന്നായപ്പോള്‍ പിന്നിലുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. സനൂപ് ബൈക്ക് ഉപേക്ഷിച്ച് ബൈക്കിനു മുമ്പിൽ വച്ചിരുന്ന ചാക്ക് കെട്ടുമായി കുളത്തിലേക്ക് ചാടി. ഒട്ടും വൈകിയില്ല. പൊലീസും ചാടി. നീന്തിച്ചെന്ന് സനൂപിനെയും പിടികൂടി കഞ്ചാവും കരയിലെത്തിച്ചു. കഞ്ചാവ് വില്‍പനയില്‍ നിന്ന് കിട്ടിയതായി കരുതുന്ന 60,000 രൂപയും കണ്ടെടുത്തു. സനൂപിന്റെ പിന്നിലുണ്ടായിരുന്നയാളും ചില്ലറക്കാരനല്ലെന്നാണ് പൊലീസ് പറയുന്നത്. സ്കൂള്‍ കോളജ് കേന്ദ്രീകരിച്ച് പതിവായി കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവാണ് രക്ഷപ്പെട്ടത്. ഇയാളെയും വൈകാതെ പിടികൂടുമെന്ന് പുതുനഗരം ഇന്‍സ്പെക്ടര്‍ അറിയിച്ചു.