10,000 വർഷത്തിലൊരിക്കൽ മാത്രം പിഴയ്ക്കാവുന്ന ‘കവച് സാങ്കേതികത’ എന്തുകൊണ്ട് പ്രവർത്തിച്ചില്ല? റെയിൽവേയുടെ ആന്റി കൊളീഷൻ സാങ്കേതികത പരാജയമോ?

ട്രെയിൻ അപകടങ്ങൾ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് കവച്. പിഴവ് വരാനുള്ള സാധ്യത തന്നെ കുറച്ചുകൊണ്ടാണ് ഈ സാങ്കേതിക സംവിധാനത്തിന്റെ നിർമ്മാണം.

റെയിൽവേ അവകാശപ്പെടുന്നതു പ്രകാരം കവച് സംവിധാനത്തിൽ പിഴവ് വരാനുള്ള സാദ്ധ്യത 10,000 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ്. സേഫ്റ്റി ഇന്റഗ്രിറ്റി ലെവൽ 4 സർട്ടിഫിക്കേഷനുള്ള സാങ്കേതികതയാണിത്.

ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (ടിസിഎഎസ്) അഥവാ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം (എടിപി) എന്നാണ് കവചിനെ സാങ്കേതികമായി വിളിക്കേണ്ടത്.

1. അപകടസാദ്ധ്യതയുള്ള സമയത്ത് സിഗ്നൽ പാസ് ചെയ്തുപോകാൻ ട്രെയിനുകളെ കവച് സാങ്കേതികത അനുവദിക്കില്ല.

2. മൂവ്മെന്റ് അതോരിറ്റിയിൽ നിന്നുള്ള തൽസമയ വിവരങ്ങൾ ലോക്കോപൈലറ്റിന് ഇൻഡിക്കേഷൻ പാനലിലൂടെ നൽകുന്നു.

3. അമിതവേഗത തടയുന്നതിനുള്ള ഒരു ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം ട്രെയിനുകളിൽ സ്ഥാപിക്കുന്നു.

4. ലെവൽ ക്രോസിങ് ഗേറ്റുകളെത്തുമ്പോൾ ഓട്ടോ വിസിലിങ് നടക്കുന്നു.

5. കവച് സാങ്കേതികത സ്ഥാപിച്ചിട്ടുള്ള രണ്ട് ട്രെയിനുകൾ തമ്മിൽ നേരിട്ടുള്ള കൂട്ടിയിടി തടയുന്നു.

6. അടിയന്തിര സാഹചര്യങ്ങളിൽ SoS സന്ദേശങ്ങൾ പോകുന്നു.

7. നെറ്റ്‌വർക്ക് മോണിറ്റർ സിസ്റ്റത്തിലൂടെ ട്രെയിനുകളുടെ നീക്കങ്ങൾ ലൈവായി നിരീക്ഷിക്കാനാകും.

നേരിട്ടുള്ള കൂട്ടിമുട്ടലുകളെ ഒഴിവാക്കാൻ കവച് സാങ്കേതികതയ്ക്ക് സാധിക്കും. കോറമാണ്ഡൽ എക്സ്പ്രസ് ചരക്കു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകൾ പറഞ്ഞിരുന്നത്.

ഇങ്ങനെയാണെങ്കിൽ കവച് സാങ്കേതികത പരാജയപ്പെട്ടെന്ന് പറയേണ്ടതായി വരും. എന്നാൽ കൂട്ടിയിടി സംബന്ധിച്ചുള്ള ഈ പ്രാഥമിക നിഗമനം റെയിൽവേ സ്ഥിരീകരിച്ചിട്ടില്ല.

പാളംതെറ്റിയതിനു പിന്നാലെയാണ് അപകടമുണ്ടായതെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം നേരിട്ടുള്ള കൂട്ടിയിടികളുണ്ടായിട്ടില്ല.

ഇതാകാം കവച് സാങ്കേതികത പ്രവർത്തിക്കാതിരുന്നതെന്ന് ഊഹിക്കാവുന്നതാണ്. മറ്റൊരു സാദ്ധ്യത, കവച് സാങ്കേതികത ഈ റൂട്ടിൽ നടപ്പാക്കിയിരിക്കില്ല എന്നതാണ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

Related posts

Leave a Comment