മംഗളൂരു: കേരളത്തിലേക്ക് തീവണ്ടിയില്‍ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 1.48 കോടി രൂപയുടെ കറന്‍സിയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി യുവാവ് പിടിയില്‍. മംഗളൂരു റെയില്‍വേ സംരക്ഷണസേനയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രാജസ്ഥാന്‍ ഉദയ്പുര്‍ സ്വദേശി മഹേന്ദ്രസിങ് റാവു(33)വിനെയാണ് മംഗളൂരു ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ദുരന്തോ എക്‌സ്പ്രസ് മംഗളൂരു ജങ്ഷനില്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.
എസ് നാല് കോച്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മഹേന്ദ്രസിങ്ങിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് അതില്‍ നിന്ന് പഴയ പത്രക്കടലാസുകളില്‍ പൊതിഞ്ഞ മൂന്ന് ബണ്ടില്‍ കറന്‍സികളും മൂന്ന് പായ്ക്കറ്റ് സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തത്. 2000 രൂപയുടെ 4330 നോട്ടുകളും 500 രൂപയുടെ 12,396 നോട്ടുകളുമാണ് കെട്ടുകളിലുണ്ടായിരുന്നത്. ഇത് മൊത്തം 1,48,58,000 രൂപവരും. മോതിരങ്ങള്‍, ലോക്കറ്റുകള്‍ എന്നിവയടങ്ങിയ 800 ഗ്രാം സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. ഇതിന് വിപണിയില്‍ 40 ലക്ഷം രൂപ വില വരും.
കോഴിക്കോട് മേലേപാളയം റോഡിലുള്ള സുബഹ് ഗോള്‍ഡ് എന്ന ജൂവലറിയിലേക്കാണ് പണവും ആഭരണങ്ങളും കൊണ്ടു പോകുന്നതെന്ന് മഹേന്ദ്രസിങ് മൊഴി നല്‍കി. മുംബൈയിലെ ഒരാളാണ് തനിക്കിത് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി മഹേന്ദ്രസിങ്ങിനെ മംഗളൂരു റെയില്‍വേ പോലീസിന് കൈമാറി. എസ്.ഐ. രാജീവ്, എ.എസ്.ഐ. ശശി, ചിത്രരാജ്, ഷാജിത്ത്, സഞ്ജീവ് കുമാര്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.