ഹോളിവുഡ് സിനിമകളില്‍ കാണുന്ന കൃത്യതയോടെയുള്ള കൊലപാതകം; തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെയുള്ള ആണവ ശാസ്ത്രജഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലയ്ക്ക് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദ് എന്ന് സംശയം

ടെഹ്‌റാന്‍: ( 01.12.2020) ഹോളിവുഡ് സിനിമകളില്‍ കാണുന്ന കൃത്യതയോടെയുള്ള കൊലപാതകം, തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെയുള്ള ആണവ ശാസ്ത്രജഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ(62) യുടെ കൊലയ്ക്ക് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദ് എന്ന് സംശയം.
ഇറാന്‍ ഏറ്റവുമധികം സുരക്ഷ നല്‍കിയിരുന്ന ആണവ ശാസ്ത്രജഞനാണ് മൊഹ്‌സിന്‍ ഫക്രിസാദെ. അതിവേഗ കൊലപാതകം, കൃത്യമായ ആസൂത്രണം, തെളിവുകള്‍ ശേഷിപ്പിക്കാതെയുള്ള നീക്കങ്ങള്‍ എന്നിവയാണ് ഇസ്രയേല്‍ ചാരസംഘടന മൊസാദാണ് ആക്രമണം നടത്തിയതെന്നു സംശയിക്കാനുള്ള കാരണം.

ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനും ഇറാന്റെ രഹസ്യ അണുബോംബ് നിര്‍മാണ പദ്ധതിയുടെ കാര്‍മികനെന്ന് യുഎസും ഇസ്രയേലും കരുതുന്നയാളാണ് മൊഹ്‌സിന്‍ ഫക്രിസാദെ. ടെഹ്‌റാനില്‍ നിന്ന് 70 കിലോമീറ്റര്‍ കിഴക്കുള്ള മലയോര നഗരമായ അബ്‌സാദില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടക്കുന്നത്.

അപകടസ്ഥലത്ത് ആള്‍സാന്നിധ്യമില്ല. വിദൂര നിയന്ത്രിത ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി പറയുന്ന മറ്റൊരു സാധ്യത. ഇസ്രയേലിന്റെയും മൊസാദിന്റെയും പങ്ക് വ്യക്തമാണെന്നും പറയുന്നു.

ഇറാന്‍ മാധ്യമപ്രവര്‍ത്തകന്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെ:

1. അവധിക്കാല വസതിയില്‍നിന്നു ടെഹ്‌റാനിലേക്കു മടങ്ങുകയായിരുന്നു മൊഹ്‌സിന്‍ ഫക്രിസാദെ. നഗരത്തിനടുത്തുള്ള റൗണ്ട് എബൗട്ടിനടുത്ത് മൂന്നു ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അടങ്ങുന്ന വാഹനവ്യൂഹം എത്തുന്നു.

2.സമീപത്തു നിര്‍ത്തിയിട്ടിരുന്ന സ്‌ഫോടക വസ്തു നിറച്ച പിക്കപ് വാന്‍ പൊട്ടിത്തെറിക്കുന്നു. 300 മീറ്റര്‍ അകലെവരെ അവശിഷ്ടങ്ങള്‍ ചിതറി.

3.ഒരു കാറിലും നാലു ബൈക്കുകളിലുമായി എത്തിയ രണ്ടു ഷാര്‍പ് ഷൂട്ടര്‍മാരടങ്ങുന്ന 12 അംഗ സംഘം യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചു വെടിയുതിര്‍ക്കുന്നു.

4.ഫക്രിസാദെയെ കൃത്യമായി കാറില്‍ നിന്നു പുറത്തിറക്കി വെടിവച്ചു മരണം ഉറപ്പാക്കിയ ശേഷം സെക്കന്‍ഡുകള്‍ കൊണ്ട് സംഘം അപ്രത്യക്ഷമാകുന്നു.

Related posts

Leave a Comment