ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ‘ഹോം’ എന്ന സിനിമയെയും ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ നടൻ ഇന്ദ്രൻസിനെ ഇക്കൊല്ലത്തെ പത്മശ്രീ അവാർഡിനായി പരിഗണിക്കണമെന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ വിസി അഭിലാഷ് രംഗത്ത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അദ്ദേഹം പത്മശ്രീ അർഹിക്കുന്നുണ്ടെന്നും അതിനായി കാംപയിൻ തന്നെ തുടങ്ങണം എന്നുമാണ് അഭിലാഷ് കുറിക്കുന്നത്. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിലൂടെയാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. അഭിലാഷിന്റെ കുറിപ്പ് വായിക്കാം …ഇന്ദ്രൻസേട്ടന് ഇക്കൊല്ലം പത്മശ്രീ അവാർഡിന് പരിഗണിയ്ക്കണമെന്ന് ഗവൺമെൻ്റുകളോട് അഭ്യർത്ഥിക്കുന്നു. തീർച്ചയായും അദ്ദേഹം അത് അർഹിക്കുന്നുണ്ട്. അതിനായി ഒരു കാംപയിൻ തന്നെ ഉണരട്ടെ. അങ്ങനെ മലയാള സിനിമ വീണ്ടും ആദരിയ്ക്കപ്പെടട്ടെ. – വി.സി.അഭിലാഷ്. (ഈ ആവശ്യം മുന്നോട്ട് വയ്ക്കുന്ന ആദ്യത്തെയാൾ എന്ന ‘സ്വകാര്യ അഹങ്കാരം’ എനിയ്ക്കിരിക്കട്ടെ.) എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി,നസ്‌ലന്‍ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഹോം. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 19 നാണ് സിനിമ റിലീസ് ചെയ്തത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഫീൽ ഗുഡ് ചിത്രമാണിത്.
സാങ്കേതികജ്ഞാനത്തിന്റെ അഭാവം കാരണം പിന്തള്ളപ്പെട്ടുപോവുന്ന ഒരു സാധാരണക്കാരനായ അച്ഛനിലൂടെയാണ് ഹോം കഥ പറയുന്നത്. മക്കളെ മനസ് നിറഞ്ഞ് സ്നേഹിക്കുന്ന ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭാര്യയെ കുട്ടിയമ്മയായി എത്തുന്നത് നടി മഞ്ജു പിളളയാണ് പഴയ തലമുറക്കാരായ ഒലിവർ ട്വിസ്റ്റിന്റേയും കുട്ടിയമ്മയുടേയും ന്യൂജെൻ മക്കളാണ് ശ്രീനാഥ് ഭാസിയും നസ്ലനും.ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ഒലിവർ ട്വിസ്റ്റിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് സ്മാർട്ട് ഫോണുകളോടുള്ള അഡിഷനും കുടുംബാംഗങ്ങളോടുള്ള അകൽച്ചയുമാണ് സിനിമ ചർച്ച ചെയ്യുന്നത്. പലരുടേയും വീടുകളിലേയ്ക്ക് കണ്ണോടിച്ചാൽ ഒലിവർ ട്വിസ്റ്റിനേയും കുടുംബാംഗങ്ങളേയും കാണാം.