ആലപ്പുഴ: ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതിന്,റസി. അസോ. ട്രഷററായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ ഉടമയായ സി.ഐ.ടി.യു പ്രവര്‍ത്തകനും സഹായിയും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.
സി.പി.എം ആലപ്പുഴ മുല്ലയ്ക്കല് ഡി ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കല് നന്മ റെസിഡന്‍സ് അസോസിയേഷന് ട്രഷററുമായ സോണി ജോസഫിനാണ് (37) മര്‍ദ്ദനമേറ്റത്.
പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. വാഹനത്തിലെത്തിയ സോണി ജോസഫിനെ ആലപ്പുഴ ഫയര്‍ഫോഴ്സ് ഓഫീസിനു സമീപം തടഞ്ഞുനിറുത്തിയാണ് സി.ഐ.ടി.യു പ്രവര്‍ത്തകനും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.
സംഭവസ്ഥലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. ഹോംസ്റ്റേ കേന്ദ്രീകരിച്ച് നേരത്തെയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.
അന്ന് വാര്‍ഡ് കൗണ്‍സിലറും റസിഡന്‍സ് അസോസിയേഷനും പ്രതിഷേധിച്ചതോടെ പൊലീസ് പൂട്ടിച്ചു. തുടര്‍ന്നാണ് നിലവിലെ നടത്തിപ്പുകാരന് ഏറ്റെടുത്തത്.
കഴിഞ്ഞദിവസം അസോസിയേഷന് ഭാരവാഹികള്‍ നടത്തിപ്പുകാരനെ നേരില്‍ കണ്ട് അനാശാസ്യ പ്രവര്‍ത്തങ്ങള്‍ പാടില്ലെന്ന് താക്കീത് നല്‍കിയിരുന്നു.
ഇതിന്റെ വൈരാഗ്യമാകാം അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.