കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കവേ അപ്രതീക്ഷിത ട്വിസ്റ്റ്. കേസിലെ അന്വേഷണത്തിനിടെ സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ സ്വപ്നയുടേതല്ലെന്ന് ഇഡി കണ്ടെത്തി. ഈ പണം ശിവശങ്കറിന്റെ കമ്മീഷനാണെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ബോധിപ്പിച്ചു.
ലൈഫ് മിഷന്‍ അഴിമതിയില്‍ യൂണിടാക്ക് ശിവശങ്കറിന് നല്‍കിയ കോഴയാണ് ഇതെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. ഇക്കാരണത്താലാണ് സ്വപ്നയോടൊപ്പം ശിവശങ്കറിന്റെ പരിചയക്കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൂടി ലോക്കറിന്റെ ഉടമസ്ഥാവകാശത്തില്‍ ഉള്‍പ്പെടുത്തിയതെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ വ്യക്തമാക്കി.
ഒരു കോടി രൂപയുടെ സൂക്ഷിപ്പുകാരി മാത്രമായിരുന്നു സ്വപ്ന സുരേഷ്. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ഇ ഡി നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നത്. അതിനു മുന്നോടിയായാണ് നൂറ്റി അമ്ബതോളം പേജുള്ള എതിര്‍ സത്യവാങ്മൂലം എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.കേസിന്റെ തുടക്കത്തില്‍ ഷാര്‍ജ ഭരണാധികാരി തനിക്ക് സമ്മാനമായി നല്‍കിയതാണ് ഈ പണമെന്നായിരുന്നു സ്വപ്നയുടെ മൊഴി. പിന്നീട് തന്റെ പിതാവ് നല്‍കിയ പണമാണെന്ന് മൊഴി മാറ്റി നല്‍കി.
എന്നാല്‍ ഇതൊന്നും വിശ്വസിക്കാന്‍ അന്വേഷണ ഏജന്‍സി തയ്യാറായിരുന്നില്ല. കഴിഞ്ഞ പത്താം തീയതി അട്ടക്കുളങ്ങര ജയിലില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന സത്യം തുറന്നു പറഞ്ഞത്. ശിവശങ്കര്‍ കമ്മീഷന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു.
അതിനിടെ എം ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തിരുന്നു. ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണിത്. കേസിലെ സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള പ്രതികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതിയാക്കിയത്.ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും, പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അതേസമയം തനിക്കെതിരെ തെളിവുകളില്ലെന്നും, ഡോളര്‍ക്കടത്തിലും തനിക്ക് പങ്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.