ഹൃദയാഘാതം മൂലം ജീവന്‍രക്ഷാ ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിന് സ്‌ട്രോക്; ക്രിസ് കെയ്ന്‍സിന്റെ ഇരു കാലുകളും തളര്‍ന്നു

മെല്‍ബണ്‍: ( 27.08.2021) ഹൃദയാഘാതം മൂലം ജീവന്‍രക്ഷാ ശസ്ത്രക്രിയയ്ക്കു വിധേയനായ ന്യൂസീലന്‍ഡിന്റെ മുന്‍ ഓള്‍റൗന്‍ഡര്‍ ക്രിസ് കെയ്ന്‍സിന്റെ ഇരു കാലുകളും തളര്‍ന്നതായി റിപോര്‍ട്. സിഡ്‌നിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്‌ട്രോക് നിമിത്തമാണ് താരത്തിന്റെ കാലുകളുടെ ചലനശേഷി നഷ്ടമായത്.

കാലുകള്‍ തളര്‍ന്നതോടെ ഓസ്ട്രേലിയയിലെ സ്പെഷ്യലിസ്റ്റ് സ്പൈനല്‍ ആശുപത്രിയില്‍ കെയ്ന്‍ ചികിത്സ തേടും. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കെയ്ന്‍സ് ജീവരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്. തിരികെ വീട്ടിലെത്തിയെങ്കിലും ക്രിസ് ഇപ്പോളും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലാണ് താരം താമസിക്കുന്നത്.

കെയ്ന്‍സിന്റെ നില മെച്ചപ്പെടുത്താന്‍ വേണ്ട ചികിത്സയെല്ലാം നല്‍കുന്നുണ്ടെന്നും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്നും കെയ്ന്‍സിന്റെ കുടുംബം പറഞ്ഞു. ഹൃദയ ധമനികള്‍ പൊട്ടിയുള്ള രക്തസ്രാവത്തെ തുടര്‍ന്നാണ് കെയ്ന്‍സിനെ ഓഗസ്റ്റ് ആദ്യ വാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍പും ഒന്നിലേറെ ശസ്ത്രക്രിയകള്‍ക്കു വിധേയനായിട്ടുണ്ട് കെയ്ന്‍സ്.

2004ലാണ് ക്രിസ് രാജ്യാന്തര ക്രികെറ്റില്‍നിന്ന് വിരമിച്ചത്. ലോകത്തിലെ മികച്ച ഓള്‍ റൗന്‍ഡര്‍മാരില്‍ ഒരാളായി പേരെടുത്താണ് കെയ്ന്‍സ് കളിക്കളം വിട്ടത്. 1990 മുതല്‍ 2006 വരെയുള്ള കാലയളവില്‍ 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ടി20യും താരം കളിച്ചു. 3320 റണ്‍സ് ആണ് ടെസ്റ്റിലെ സമ്ബാദ്യം. 218 വികെറ്റും വീഴ്ത്തി. 4950 റണ്‍സും 201 വികെറ്റും ഏകദിനത്തില്‍ കെയ്ന്‍സിന്റെ പേരിലായുണ്ട്.

പിന്നീട് വിമത ചാംപ്യന്‍ഷിപായ ഇന്‍ഡ്യന്‍ ക്രികെറ്റ് ലീഗില്‍ (ഐ സി എല്‍) ചണ്ഡിഗഡ് ലയണ്‍സിന്റെ ക്യാപ്റ്റനായിരുന്ന കെയ്ന്‍സ് 2008ല്‍ ഒത്തുകളി വിവാദത്തില്‍ കുടുങ്ങി. ഒത്തുകളി ആവശ്യവുമായി കെയ്ന്‍സ് തന്നെ സമീപിച്ചിരുന്നെന്ന് സഹതാരം ലൂ വിന്‍സന്റ് പിന്നീടു വെളിപ്പെടുത്തുകയും ചെയ്തു.

2012ല്‍ മുന്‍ ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോദിക്കെതിരെ അപകീര്‍ത്തിക്കേസ് ജയിച്ചെങ്കിലും കെയ്ന്‍സ് സാമ്ബത്തികമായി പാപരായി. ട്രക് ഓടിച്ചും ബസ് ഷെല്‍ടര്‍ കഴുകിയുമാണ് കെയ്ന്‍സ് ജീവിക്കുന്നതെന്നു ന്യൂസീലന്‍ഡ് ടീമിലെ സഹതാരമായിരുന്ന ഡിയോണ്‍ നാഷ് 2014ല്‍ വെളിപ്പെടുത്തിയിരുന്നു. 2010ല്‍ ഓസ്‌ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ച കെയ്ന്‍സ് പിന്നീട് ഓസ്‌ട്രേലിയയിലേക്ക് താമസം മാറ്റുകയായിരുന്നു.

Related posts

Leave a Comment