സിംല: ഹിമാചല്‍ പ്രദേശിലെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. അഞ്ച് പേരെ രക്ഷപ്പെടുത്തി.
രണ്ട് വീടുകളും ഒരു ഗോശാലയും ഒഴുകിപ്പോയി. കണ്ഡഹട്ട് സബ്ഡിവിഷനിലെ ജോദന്‍ ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടാതെന്ന് എസ്ഡിഎം സിദ്ധാര്‍ത്ഥ് ആചാര്യ വ്യക്തമാക്കി.
ഹിമാചലില്‍ ഇന്നലെ കനത്ത മഴയ്ക്ക് പിന്നാലെ ബീസ് നദി കരകവിയുന്ന സ്ഥിതിയിലെത്തി. തിങ്കളാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
പലയിടത്തും മണ്ണിടിഞ്ഞുവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഇതേതുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
ഷിംലയില്‍ മണ്ണിടിഞ്ഞ് വീണു. ഒരു ക്ഷേത്രത്തിലെത്തിയ ഭക്തര്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്.
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാലയത്തോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാളിന്റെ ഭാഗങ്ങള്‍, സിക്കിം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉത്തരാഖണ്ഡിലെ മാല്‍ദേവതയില്‍ ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ് തകര്‍ന്നുവീണു. ചമോലിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ രാത്രി മുതല്‍ പലഷോപ്പുകളിലും വെള്ളംകയറി.
ജൂണ്‍ അവസാനം മണ്‍സൂണ്‍ ആരംഭിച്ചത് മുതല്‍ മഴക്കെടുതിയില്‍ 257 പേര്‍ സംസ്ഥാനത്ത് മരണപ്പെട്ടു. 7000 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.