ഹിമാചലില്‍ മണ്ണിടിച്ചിലില്‍ കൂറ്റന്‍ കെട്ടിടം നിലംപൊത്തി ; അനേകര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയം, കനത്തനാശം

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ ഉണ്ടായ കൂറ്റന്‍ മണ്ണിടിച്ചിലില്‍ വന്‍ നാശനഷ്ടം. തകര്‍ന്നവീണ് മണ്ണടിഞ്ഞ കെട്ടിടസമുച്ചയങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ അനേകര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയം ഉയരുന്നുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വീഡിയോദൃശ്യങ്ങളില്‍ മലഞ്ചെരിവുകളിലെ അനേകം നിലകളുള്ള പടുകൂറ്റന്‍ കെട്ടിടങ്ങളാണ് നിലം പതിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി ഹിമാചലില്‍ പെയ്യുന്ന കനത്ത മഴയില്‍ കാലാവസ്ഥാവിഭാഗം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ തോരാതെ പെയ്യുന്നതോടെ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ വീടുകള്‍ വിട്ട് ആള്‍ക്കാര്‍ പോകുകയാണ്.

കുളു – മാണ്ഡി ഹൈവേയ്ക്ക് കാര്യമായ കേടുപാടുകള്‍ വരികയും അനേകം വാഹനങ്ങള്‍ കുടുങ്ങിപ്പോകുകയും ചെയ്തു. കുളുവിനെയു മാണ്ഡിയെയും ബന്ധിപ്പിക്കുന്ന റോഡുകള്‍ തകര്‍ന്നതോടെ പാന്‍ഡോവ് വഴി വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.

തുടര്‍ച്ചയായ മഴ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. മണ്ണിടിച്ചില്‍, മേഘ സ്‌ഫോടനം, വെള്ളപ്പൊക്കം എന്നിവയെല്ലാം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായിട്ടുണ്ട്.

മഴ കനത്തതോടെ 709 റോഡുകളാണ് ഈ കാലവര്‍ഷ സീസണില്‍ അടച്ചത്. കാലവര്‍ഷം കനത്തതോടെ ജൂണ്‍ 24 മുതല്‍ ഇതുവരെ 8,014.61 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

ഇതുവരെ 2022 വീടുകള്‍ പൂര്‍ണ്ണമാ്യോ 9,615 വീടുകള്‍ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ഇതുവരെ 113 മണ്ണിടിച്ചില്‍ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട പല സംഭവങ്ങളിലായി 224 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

മഴയുമായി ബന്ധപ്പെട്ട അപകടത്തില്‍ 117 പേര്‍ കൊല്ലപ്പെട്ടതായുമാണ് സംസ്ഥാനത്തിന്റെ കണക്ക്.

 

Related posts

Leave a Comment