ഹിമാചൽ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ്, ഹിമാചലിലെ പത്രക്കാർക്കു കൗതുകമുള്ളൊരു വാർത്താവിവരം ലഭിക്കുന്നു.
അസ്സലൊരു ഫീച്ചറിനു പറ്റിയ ആ ടിപ്പ്. ലഭിച്ചതാകട്ടെ ബിജെപി–സർക്കാർ കേന്ദ്രങ്ങളിൽനിന്ന്.
വരുന്ന 15, 16തീയതികളിൽ ഇന്തൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്കു നമ്മുടെപ്രധാന മന്ത്രി നരേന്ദ്രമോദി ഹിമാചലിന്റെ തനത് ഉൽപന്നങ്ങൾ സമ്മാനമായി നൽകും.
ഹിമാചൽ ഉൽപന്നങ്ങൾക്ക് രാജ്യാന്തര തലത്തിൽ വലിയ ഖ്യാതി കിട്ടും. പോരെ, പൂരം. ഇവിടെ പത്രങ്ങളായ പത്രങ്ങളിൽ ഹിമാചലിന്റെ പാരമ്പര്യം ഉയർത്താൻ പ്രധാനമന്ത്രി നടത്തുന്ന ഈ ഉദ്യമങ്ങളെക്കുറിച്ചു വലിയ വാർത്തകൾ വരുന്നു.
മോദി ഇതാദ്യമല്ല, ഇതിനു മുൻപും ഹിമാചലിന്റെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സമർഥിച്ചുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറയുന്നു.
ഈ വാർത്തയിലോ മോദിയുടെ ഉദ്യമത്തിലോ ഒരു തെറ്റും ഇല്ലെന്നു മാത്രമല്ല, വൈവിധ്യമാർന്ന പാരമ്പര്യവും അതിനു പോന്ന ഉൽപന്നങ്ങളും സ്വന്തമായുള്ള ഒരു നാടിനെ സംബന്ധിച്ച് ഇതു വലിയ അംഗഗീകാരവുമാണ്.
ഈ വാർത്ത പരക്കുന്ന സമയമാണ് ഈ വിഷയത്തെ ചർച്ചകളിലേക്കു കൊണ്ടുവരുന്നത്. നിയമസഭയിലേക്കു 12ന് വോട്ടെടുപ്പ് നടക്കുന്നതിനു കൃത്യം 4 ദിവസം മുൻപ്.
അതിൽ പ്രശ്നമുണ്ടോ ഇല്ലയോ എന്ന വിലയിരുത്തേണ്ടത് ജനമാണ്. അതവർ വോട്ടായി അംഗീകരിച്ചുകഴിഞ്ഞു.ഫലം ഡിസംബർ 8 ന് വരുകയും ചെയ്യും.