ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ‘ഇന്ത്യനല്ലേ’യെന്ന് ചോദിച്ചെന്ന് കനിമൊഴി

ന്യൂഡല്‍ഹി: ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് ഓഫീസര്‍ ‘ ഇന്ത്യക്കാരി അല്ലേ?’യെന്ന് തിരിച്ച്‌ ചോദിച്ചതായി ഡിഎംകെ എംപി കനിമൊഴി. ഇന്ത്യന്‍ എന്ന് പറഞ്ഞാല്‍ ഹിന്ദി അറിയുന്നവന്‍ എന്നായത് എന്ന് മുതലാണെന്നും അവര്‍ ട്വീറ്റില്‍ ചോദിക്കുന്നു. കനിമൊഴിയുടെ ട്വീറ്റ് ഇങ്ങനെ: എനിക്ക് ഹിന്ദി അറിയില്ല, ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലെ സിഐഎസ്‌എഫ് ഓഫീസര്‍’ നിങ്ങള്‍ ഇന്ത്യക്കാരി ആണോ’യെന്ന് തിരിച്ച്‌ ചോദിച്ചു. ഇന്ത്യന്‍ എന്നതിന് തുല്യമായി ഹിന്ദി അറിയാവുന്നവര്‍ എന്നായത് എപ്പോള്‍ മുതലാണെന്ന് അറിഞ്ഞാല്‍ കൊള്ളാം’ എന്നായിരുന്നു ട്വീറ്റ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പങ്കുവച്ചത്.

കനിമൊഴിക്ക് പിന്തുണയുമായി നിരവധിപേരെത്തി. അപഹാസ്യമെന്നും അപലപനീയമെന്നുമായിരുന്നു കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളും ട്വിറ്ററില്‍ ഇതിനെതിരെ പ്രതികരിച്ചതോടെ സിഐഎസ്‌എഫ് മാപ്പ് ചോദിച്ചു. കനിമൊഴിയുടെ യാത്രയുടെ വിശദാംശങ്ങളും സിഐഎസ്‌എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വിദ്യാഭ്യസ നയം സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് കനിമൊഴിക്ക് ദുരനുഭവം ഉണ്ടായിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കഴിഞ്ഞു, ഇനി ഭാഷയുടെ പേരിലാണോ വേര്‍തിരിവെന്നും പലരും ട്വിറ്ററില്‍ പ്രതികരിച്ചു.

കനിമൊഴിക്ക് നേരിടേണ്ടി വന്നത് അസാധാരണമായ ഒരനുഭവം അല്ലെന്നും പലഘട്ടങ്ങളിലും എനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും പി ചിദംബരവും പ്രതികരിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ ഡി.എം.കെ എംപി കനിമോഴിക്ക് നേരിടേണ്ടി വന്ന അസുഖകരമായ അനുഭവം അസാധാരണമല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും സാധാരണക്കാരില്‍നിന്നും എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. മുഖാമുഖം സംസാരിക്കേണ്ടി വന്നപ്പോഴും ഫോണ്‍ സംഭാഷണങ്ങളിലും പലരും ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്’, ചിദംബരം പറഞ്ഞു.

തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യമാണ് സിഐ.എസ്.എഫ് ഉദ്യോഗസ്ഥ ഉന്നയിച്ചതെന്നാണ് കനിമൊഴി വ്യക്തമാക്കിയത്. ഇതാണ് വിവാദമായത്. നേരത്തെ #hindiimposition എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴിയുടെ ട്വീറ്റ്. കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡി.എം.കെയുടെ മഹിളാ വിങ് സെക്രട്ടറിയുമാണ് കനിമൊഴി.

തന്റെ ഇന്ത്യന്‍ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കനിമൊഴി സംഭവം വിവാദമായതിന് പിന്നാലെ ന്യൂസ് 18-നോട് പ്രതികരിച്ചു. മറ്റാരെക്കാളും ഇന്ത്യക്കാരിയാണ്. ബിജെപി അതിനെയെല്ലാ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയമടത്തം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള അജണ്ടയാണ് അവര്‍ നടത്തുന്നതെന്നും കനിമൊഴി പറഞ്ഞു. അതേസമയം കനിമൊഴിയുടെ പരാതിയില്‍ സിഐഎസ്‌എഫ് ഉദ്യോഗസസ്ഥക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment