ഹാൽദ്വാനിയിൽ സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹാൽദ്വാനിയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 29 ഏക്കർ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.

ഒറ്റരാത്രികൊണ്ട് 50,000 ജനങ്ങളെ കുടിയൊഴിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. ഇത് മാനുഷികപ്രശ്നമാണ്. സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നും കോടതി കൂട്ടിച്ചേർത്തു.

ഉത്തരവ് നടപ്പാക്കിയാൽ ഏതാണ്ട് നാലായിരത്തിലധികം കുടുംബങ്ങളിലെ 50,000ൽ പരം ജനങ്ങളാണ് വഴിയാധാരമാകുക. വാസ മേഖലയായ ഇവിടെ വീടുകൾക്കു പുറമെ നാലു സർക്കാർ സ്കൂളുകളും 11 സ്വകാര്യ സ്കൂളുകളും ഒരു ബാങ്കും രണ്ട് വൻകിട കുടിവെള്ള ടാങ്കുകളും 10 മുസ്‍ലിം പള്ളികളും നാല് അമ്പലങ്ങളും ഒട്ടേറെ കടകളുമുണ്ട്.

ഇവയിൽ മിക്കവയും പതിറ്റാണ്ടുകൾക്കു മുൻപേ നിർമിക്കപ്പെട്ടവയുമാണ്. നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ്, ഈ പ്രദേശം റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവിടുത്തെ ‘കയ്യേറ്റം’ ഒഴിപ്പിക്കണമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്.

കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി, ജനുവരി ഒൻപതിനകം ഇവിടെനിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം 2022 ഡിസംബർ 20ന് ‘കയ്യേറ്റക്കാർക്ക്’ നോട്ടിസ് നൽകിയിരുന്നു.

പതിറ്റാണ്ടുകളായി സ്ഥലത്ത് താമസിക്കുന്നവരെ കുടിയിറക്കാൻ അർധസൈനികവിഭാഗത്തെ വേണമെങ്കിൽ ഉപയോഗിക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനെയും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്.എ. നസീർ, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ച് വിമർശിച്ചു.

മേഖലയിൽ നിർമാണപ്രവർത്തനങ്ങൾ വിലക്കി. റെയിൽവെയും ഉത്തരാഖണ്ഡ് സർക്കാരും ഇടപെടണമെന്നും അടുത്തമാസം വീണ്ടും കേസ് കേൾക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

Related posts

Leave a Comment