തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊവിഡ് സാഹചര്യം വര്‍ധിക്കുകയാണ്. 2423 കൊവിഡ് രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്തെ ആശുപത്രികള്‍ കൊവിഡ് രോഗിയായ പിതാവിനു ചികിത്സ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി യുവതി രംഗത്ത്. തിരുവനന്തപുരത്തെ 4 ആശുപത്രികളില്‍ പിതാവിനു ചികിത്സയ്ക്കായി വിളിച്ചെങ്കിലും അവര്‍ ഏറ്റെടുത്തില്ലെന്ന് ഇവ ശങ്കര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഒടുവില്‍ മെഡിക്കല്‍ കൊളെജില്‍ എത്തിച്ചെങ്കിലും കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ അവരും തയ്യാറായില്ലെന്നാണ് യുവതി ആരോപിക്കുന്നത്.
ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിതാവിനു കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ മറ്റൊരു ആശുപത്രിയിലേക്ക് പോയ്ക്കോളാനും ‘കൊവിഡും ഹാര്‍ട്ട് അറ്റാക്കും’ ഇവിടെ എടുക്കില്ലെന്നുമായിരുന്നു പ്രസ്തുത ആശുപത്രി അറിയിച്ചതെന്ന് യുവതി പോസ്റ്റില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവരും എടുത്തില്ല. രണ്ട് ആശുപത്രികളില്‍ വിളിച്ച് ചോദിച്ചപ്പോള്‍ അവരും സമാന അഭിപ്രായമാണ് പറഞ്ഞത്. കൊവിഡും ഹാര്‍ട്ട് അറ്റാക്കും എടുക്കില്ലെന്ന്5 മണിക്കൂറോളമായിരുന്നു യുവതിയുടെ പിതാവ് ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കഴിഞ്ഞത്. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും അവരും കൃത്യസമയത്ത് ചികിത്സ നല്‍കിയില്ല. യുവതിയുടെ സുഹൃത്ത് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐ സി യുവിലേക്ക് മാറ്റിയത്.
‘നമുക്ക് മുന്‍പായി അമ്ബതോളം ആംബുലന്‍സുകള്‍ കിടപ്പുണ്ട്. എല്ലാം കൊവിഡ് രോഗികള്‍. വരുന്നവരെല്ലാം ജീവന് വേണ്ടി നില വിളിക്കുന്നു. ഓക്സിജന്‍ ലെവല്‍ താണ് തളര്‍ന്നു വീഴുന്നവര്‍ വേറെയും. 15 മിനിട്ടിനുള്ളില്‍ ഓരോ ആംബുലന്‍സിലും വെള്ളമൂടി കൊണ്ട് പോകുന്നുണ്ട്. ഇതും കാണുംതോറും എന്റെ ഭയം കൂടി. അവിടെ ആവശ്യത്തിന് ഡോക്ടറോ നഴ്സുമാരോ ഇല്ല. ഓക്സിജന്‍ സിലിണ്ടര്‍ ഇല്ല.’- യുവതി കുറിച്ചു. ഇവ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ രാത്രിയില്‍ എനിക്ക് ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല, പുറത്തെ സിറ്റൗട്ടിലെ കസേരയില്‍ മുറ്റത്തെ ഇരുട്ടിലേക്ക് നോക്കി ഞാന്‍ ഇരുന്നു..വീട് നിറയെ അച്ചയെ കുറിച്ചുള്ള ഓര്‍മ്മകള്‍. അച്ച പോയ ശേഷം റൂമിനു പുറത്തിറങ്ങാന്‍ പോലും വയ്യാ, ഇരുട്ടുന്നതും വെളുക്കുന്നതും എനിക്ക് അറിയണ്ട, അച്ച പോയതിനു ശേഷം ഞാന്‍ സന്തോഷിച്ചിട്ടില്ല, നീറി നീറി.. ഉരുകി ഉരുകി…. അച്ചയെ ഓര്‍ക്കുമ്ബോള്‍ എന്റെ ആത്മാവിന് ശമനമില്ല ഞാന്‍ ആരോട് പറയും ഈ വേദന, എന്റെ അച്ചക്കല്ലാതെ വേറെ ആര്‍ക്കാണ് ഈ വേദന മനസിലാക്കാന്‍ പറ്റുക..? അച്ച അവശേഷിപ്പിച്ചു പോയ നഷ്ടത്തെ നികത്താന്‍ ഇനി ആര്‍ക്കും കഴിയില്ല…
അപ്രതിരോധ്യവും നിശിതവുമായ ഒരു സ്നേഹമായിരുന്നു എന്റെ അച്ഛയുടെത്.ക്ഷമയും നിഷ്കളങ്കവുമായിരുന്നു… മുഖമുദ്ര.
കണ്ണടച്ച് ഇരുന്ന എന്റെ മുഖത്തേക്ക് തണുത്ത കാറ്റ് വീശുമ്ബോഴും എന്റെ കരള്‍ ഉരുകിയൊലിക്കുകയായിരുന്നു.. പെട്ടന്ന് എന്റെ മനസ് അച്ച മരിച്ചു പോയ ദിവസത്തിലേക്ക് പാഞ്ഞു.
ഏപ്രില്‍ 28/2021, ബുധനാഴ്ച. മഴപെയ്തു തോര്‍ന്ന പ്രഭാതം … രാവിലെ എണീക്കുമ്ബോള്‍ തന്നെ മനസും ശരീരവും ഒരുപോലെ അസ്വസ്ഥമായിരുന്നു.ജനലിലൂടെ പുറത്തേക്കു നോക്കുമ്ബോള്‍ അന്തരീക്ഷവും തീര്‍ത്തു മൂകമായപോലെ വായു പോലും ചലിക്കുന്നില്ല.
2 മണിക്കൂറുകള്‍ക്കു ശേഷം റൂമില്‍ അച്ചയും അമ്മയും സംസാരിക്കുന്നതു കണ്ടിട്ടാണ് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങുന്നത്.
നിമിഷങ്ങള്‍ക്കുള്ളില്‍ അമ്മേടെ വിളി കേട്ടാണ് ഞാന്‍ റൂമിലേക്ക് ചെല്ലുന്നത്. അച്ച ക്കു അനക്കമില്ല.. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ലായിരുന്നു…അച്ചയെ വിളിച്ചു നോക്കി അനക്കമില്ല… ഞാന്‍ ഓടി പോയി കുറച്ചു വെള്ളം കൊണ്ട് വായിലേക്ക് ഒഴിച്ച് കൊടുത്തു.. കുറച്ചു കുടിച്ചു ബാക്കി പുറത്തേക്കും… പെട്ടന്ന് ആംബുലന്‍സ് വിളിച്ചു.. അച്ചയെ sk ഹോസ്പിറ്റലിലേക്ക്… കൊണ്ട് പോയി.പ്രാഥമിക ചികിത്സക്ക് ശേഷം ഡോക്ടര്‍ എന്നോട് പറഞ്ഞു heart അറ്റാക്ക് ആണ്.. നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍ ആന്ജിയോപ്ലാസ്റ്റി ചെയ്യാം.. ഞാന്‍ സമ്മതം ആണെന്ന് അറിയിച്ചു… എനിക്ക് അച്ഛയോടുള്ള അമിത മായ സ്നേഹം കൊണ്ട് അമ്മേ ഞാന്‍ പുറത്തു ഇരുത്തി. അച്ഛനോടൊപ്പം ഞാന്‍ നിന്നു… ചില നേരങ്ങളില്‍ അച്ച കൈകാലുകള്‍ അനക്കുന്നുണ്ട്.. തിരിയുന്നുണ്ട്.. ആ സമയത്തു എല്ലാം അച്ചയെ കൈകാലുകള്‍ ഞാന്‍ തടവി കൊടുക്കുന്നുണ്ട് നേരെ കിടത്തുന്നുണ്ട്.. അച്ഛേടെ അതെ അസ്വസ്ഥതകള്‍ എനിക്കും.. തോന്നുന്നുണ്ട്.. തല കറങ്ങുന്നു, ശരീര വേദന, തളര്‍ച്ച ഇതിനിടെ എനിക്ക് ശര്‍ദ്ദില്‍, ഇടയ്ക്കു ഓടും ശര്‍ദ്ദിക്കാന്‍ ഞാന്‍ തിരിച്ചുവന്നപ്പോള്‍ ഡോക്ടര്‍ ചോദിച്ചു അച്ഛെടെയും എന്റെയും covid test ചെയ്യാമൊന്നു… ഞാന്‍.. ചെയ്യാമെന്ന് പറഞ്ഞു..
ആന്റിജന്‍ ചെയ്തു അല്പകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു പറഞ്ഞു നിങ്ങള്‍ക്കു രണ്ടാള്‍ക്കും പോസിറ്റിവ് ആണ്.. പെട്ടന്ന് എന്റെ ബോധം പോയി… (കാരണം fb യില്‍ എവിടെയോ തലേ ദിവസം ഞാന്‍ വായിച്ചിരുന്നു covid ആയ ഒരാള്‍ക്ക് heart attack വന്നാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചാന്‍സ് കുറവാണെന്നു )കണ്ണ് തുറക്കുമ്ബോള്‍ അച്ഛേടെ അടുത്തായി എന്നെയും ഡ്രിപ് ഇട്ടു കിടത്തിയേക്കുന്നു.. ഒരു 2 hours കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു covid ആയതുകൊണ്ട് ഇവിടെ ചികില്‍സിക്കാന്‍ പറ്റില്ല.. മറ്റൊരു ഹോസ്പിറ്റലില്‍ വേഗം കൊണ്ട് ചെല്ലണം.. ഈ അവസ്ഥയില്‍ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനേക്കാളും ഇവിടെ ചികിത്സ നല്‍കിയാല്‍ അച്ചയെ എനിക്ക് കിട്ടും എന്ന് പറഞ്ഞു. കാര്‍ഡിയോളജി വാര്‍ഡില്‍ അച്ചയെ കയറ്റിയാല്‍ യാല്‍ അവര്‍ക്കു covid പകരും.. അതുകൊണ്ട് ഇവിടെ പറ്റില്ലാന്ന് പറഞ്ഞു. വീണ്ടും sk യില്‍ നിന്നും Sut ഹോസ്പിറ്റലിലേക്ക് അവിടെ അച്ചയെ എടുത്തിട്ടുമില്ല.. സംസാരിക്കാന്‍ പോലും അവര്‍ തയ്യാറായില്ല എന്നതാണ്.. ഏറെ വേദനാജനകം… അവിടെ വെച്ച് മറ്റു രണ്ട് ഹോസ്റലിട്ടലില്‍ ഞാന്‍ വിളിച്ചു.. heart attack um covid um അവര്‍ എടുക്കില്ല… പിന്നെ നേരെ tvm മെഡിക്കല്‍ കോളേജ് ഇലേക്ക്… 05:50 നു ഞങ്ങള്‍ covid casualityil എത്തി… 05 50 മുതല്‍.. 10:45 വരെ എന്റെ അച്ചയെ ചികില്‍സിക്കാന്‍ അവര്‍ തയ്യാറായില്ല.. 5 മണിക്കൂറോളം എന്റെ അച്ച ചികിത്സ കിട്ടാതെ ആംബുലന്‍സ് ഉള്ളില്‍ ആയിരുന്നു.. നമുക്ക് മുന്‍പായി അമ്ബതോളം ആംബുലന്‍സുകള്‍ കിടപ്പുണ്ട്.. എല്ലാം covid patient..വരുന്നവരെല്ലാം ജീവന് വേണ്ടി നില വിളിക്കുന്നു.. ഓക്സിജന്‍ ലെവല്‍ താണ് തളര്‍ന്നു വീഴുന്നവര്‍ വേറെയും… 15 min ഉള്ളില്‍ ഓരോ ആംബുലന്‍സ് ഇലും വെള്ളമൂടി കൊണ്ട് പോകുന്നുണ്ട്.. ഇതും കാണുംതോറും എന്റെ ഭയം കൂടി. അവിടെ ആവശ്യത്തിന് ഡോക്ടറോട് നേഴ്സ് മാരോ ഇല്ല. ഓക്സിജന്‍ സിലിണ്ടര്‍ ഇല്ല.
ഇതിനിടയിലും അവരോടു പറഞ്ഞു ഹാര്‍ട്ട് അറ്റാക്ക് ആണ് … ഒന്ന് വന്നു നോക്ക് … ..
ഇതിനിടയില്‍, എപ്പോഴോ ഒരാള്‍ വന്നു പള്‍സ് നോക്കി പോയി… 10:30 ആയപ്പോള്‍ എന്റെ നിയന്ത്രണം വിട്ടു… ഞാന്‍ കരയാന്‍ തുടങ്ങി, അച്ച കിടക്കുന്നതു കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ കരയുന്നത് കണ്ടു എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അവിടെ പ്രശ്നമുണ്ടാക്കി.. അന്നേരം അവര്‍ അച്ചയെ അകത്തേക്ക് കൊണ്ട് പോയി 1 hour നു ശേഷം icu വിലേക്ക് മാറ്റി… covid patient ആയതുകൊണ്ട് കൂടെ വരുന്നവര്‍ നില്‍ക്കാന്‍ പാടില്ലെന്ന് ഞങ്ങളോട് പറഞ്ഞു.. എങ്കിലും 12..45 വരെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . പോകാന്‍ മനസ് വരുന്നില്ലായിരുന്നു.. കുറച്ചു നേരം കൂടി നോക്കിയിട്ട് ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി ഒരു 10 min, കഴിഞ്ഞപ്പോള്‍ എനിക്കൊരു കാള്‍.. വേഗം ആരേലും വരണം സ്ത്രീകള്‍ വരണ്ട.. പുരുഷന്മാര്‍ മതി എന്ന് പറഞ്ഞു കാള്‍ കട്ട് ചെയ്തു. മകളായ ഞാന്‍ ആണ് അഡ്മിറ്റ് ചെയ്തത് പിന്നെ എന്തിനു പുരുഷന്മാര്‍ പോയാല്‍ മതിന്നു പറഞ്ഞു എന്ന് ഞാന്‍ ചിന്തിച്ചു.. ഒരിക്കലും മകള്‍ ആയതുകൊണ്ട് ഞാന്‍ മറ്റൊന്നും ചിന്തിക്കില്ലല്ലോ..
എന്റെ മനസ്സില്‍ പെട്ടന്ന് ഒരു ചിന്ത വന്നു. അച്ചക്കു കോഫി ഇഷ്ടമാണ്.. ചിലപ്പോള്‍ കണ്ണ് തുറന്നു ഞങ്ങളെ ചോദിച്ചുകാണും. അച്ചക്കു കോഫി കൂടെ കൊണ്ടുപോകാമെന്ന് വെച്ച്. വേഗം കോഫി ഇട്ടു.. ഞാന്‍ മെഡികാല്‍ കോളേജ് ഇലേക്ക് പോയി.. യാത്രയില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ഒരു കാരണവും ഇല്ലാതെ… സുഹൃത്ത് എന്നെ ആശ്വസിപ്പിക്കുമ്ബോഴും എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളേജ് എത്തിയതും ഞാന്‍ ഇറങ്ങി ഓടി.. icu വില്‍ പോയി അച്ചയെ ചോദിച്ചു.. അച്ചയെ അവിടെ നിന്നും മാറ്റി പുതിയ casualityile EM ICU 3 ഇലേക്ക് മാറ്റിയെന്ന് പറഞ്ഞു… അവിടെ നിന്നും ഞാന്‍ വീണ്ടും ഓടി EM ICU 3 ഇല്‍ എത്തി കാളിങ് bell അടിച്ചു.. ഒരു ലേഡി ഡോക്ടര്‍ ഇറങ്ങി വന്നു.. ഞാന്‍ അച്ചയെ ചോദിച്ചു ഞാന്‍ മകളാണ് എന്ന് പറഞ്ഞു… അച്ച എന്നെ ചോദിച്ചോ എന്ന് ചോദിച്ചു.. അവര്‍ എന്നെ നോക്കി നിന്നു… എന്നിട്ട് പറഞ്ഞു
ഇവിടെ വന്നപ്പോള്‍ തന്നെ പള്‍സ് ഒന്നും ഇല്ലായിരുന്നു… നമുക്ക്…….. (വെളുപ്പിന് 02:05 ന് ഞാന്‍ എത്തി, 02 മണിക് അച്ച പോയി ) ഞാന്‍ അലറി കരഞ്ഞു… ആ ഇരുണ്ട ഇടനാഴികള്‍ എന്റെ കരച്ചിലുകള്‍ക്കു സാക്ഷ്യം വഹിച്ചു.. അവര്‍ പിന്നെ പറയാന്‍ പോകുന്നത് എനിക്ക് കേള്‍ക്കണ്ടായിരുന്നു…. ഞാന്‍ ഒരു ഭ്രാന്തിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്റെ അച്ചയെ എനിക്ക് വേണം… അച്ഛേടെ ആത്മാവ് എങ്ങനെ തിരിച്ചു കിട്ടും, അച്ച ക്കു യാത്ര പറയാതെ പോകാന്‍ കഴിയുമോ. അച്ഛയുടെ വാത്സല്യപുത്രിയാണ് ഞാന്‍ അത് വെച്ച് നോക്കുമ്ബോള്‍ എന്നോട് മിണ്ടാതെ, എന്നെ കാണാതെ അച്ചക്കു പോകാന്‍ പറ്റുമോ എന്ന് ചിന്തിച്ചു.
20 മാസങ്ങള്‍ക്കു മുന്‍പ് എന്റെ വീട്ടില്‍ നിന്നും മറ്റൊരാളും ഇതുപോലെ പോയിരുന്നു.. പക്ഷെ ചേച്ചി അമ്മ മോള്‍ ആയിരുന്നു.. അവള്‍ മരികുമ്ബോള്‍ അവള്‍ അമ്മയുടെ കൈപിടിച്ചിരുന്നു… അമ്മ നോക്കി നില്‍ക്കേ ആണ് അവള്‍ കണ്ണുകള്‍ അടക്കുന്നത്.. മരണത്തിലേക്ക് നടന്നു നീങ്ങിയതും.. അപ്പോള്‍ ഞാന്‍ അച്ച മോള്‍ ആകുമ്ബോള്‍ എന്നോട് യാത്ര പറയാതെ അച്ചക്കു പോകാന്‍ കഴിയുമോ… അച്ച ഉണര്‍ന്നെങ്കില്‍ ഞാന്‍ അനുഭവിക്കുന്ന വേദനയെ കുറിച്ച് എനിക്ക് പറയണം എന്നുണ്ടായിരുന്നു… ചിന്തകള്‍ കാട് കയറാന്‍ തുടങ്ങി. ഞാന്‍ തകര്‍ന്നു.. ഞാന്‍ തളര്‍ന്നു… ഈ ഭൂമിയില്‍ മറ്റെവിടെയും എനിക്ക് കിട്ടില്ലെന്നുറപ്പുള്ള സ്നേഹമല്ലെ എനിക്ക് നഷ്ടപെട്ടത്… ഇനി അച്ഛയുടെ മകളായി ഇതുപോലൊരു ജന്മം ഈ ഭൂമിയില്‍ കിട്ടുമോ?? ദൈവത്തോട് പോലും അനിഷ്ടം തോന്നി.. എന്റെ ജീവനെ ഊതി കെടുത്തിയതിന്.. 3 മണിക്കു… എന്നെ അച്ചയെ കാണാന്‍ അനുവാദം തന്നു… ഞാന്‍ EM Icu ഇലേക്ക് കയറി… കയറുമ്ബോള്‍ തന്നെ കണ്ടു… അച്ച കിടക്കുന്നതു… എന്റെ ഹൃദയം തകര്‍ന്നു… ഞാന്‍ പതുക്കെ മുഖത്തേക്ക് നോക്കി.. പാതിയടഞ്ഞ കണ്ണുകള്‍… ഞാന്‍ കൈ നീട്ടി ആ കണ്ണുകള്‍ നന്നായി അടച്ചു.. നെറ്റിയില്‍ വീണ നരച്ച മുടിയിഴകളെ ഞാന്‍ മാടി ഒതുക്കി… ഞാന്‍ പുറത്തേക്കു നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല.. ഞാന്‍ എന്റെ മാസ്ക് മാറ്റി… അച്ഛേടെ കവിളിലും നെറ്റിയിലും ഉമ്മവെച്ചു.. പിന്നെ അച്ഛേടെ കൈയില്‍ ഞാന്‍ എന്റെ കൈ ചേര്‍ത്ത്, ഇനി ഒരിക്കലും എന്നെ ചേര്‍ത്തുപിടിക്കാന്‍ ഈ കൈകള്‍ എത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ആ കൈകളെ ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചു … പതുക്കെ നെഞ്ചിടിപ്പ് നിലച്ചുപോയ എന്റെ അച്ഛേടെ നെഞ്ചിലേക്ക് തല താഴ്ത്തി ഞാന്‍ കരഞ്ഞു ഹൃദയം പൊട്ടി…. ആരോ വന്നു ഇറങ്ങാന്‍ ആവശ്യപ്പെട്ടു.. വീണ്ടും ഒന്ന് കൂടി അച്ചക്കു ഉമ്മാ കൊടുത്തു… നിവരുമ്ബോള്‍ ആണ് അടുത്ത് കിടക്കുന്ന രണ്ടുപേരിലേക്കു എന്റെ ശ്രദ്ധ പോകുന്നത് വെള്ള പുതച്ചു കിടക്കുന്ന രണ്ടുപേര്‍.. ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും… അവരും അച്ചക്കു മുന്‍പ് എപ്പോഴോ ഈ ഭൂമിയില്‍ നിന്നും മടങ്ങിയിരിക്കുന്നു…
നെഞ്ച് പൊടിഞ്ഞാ അവിടുന്ന് ഞാന്‍ ഇറങ്ങിയത്, ആ കാഴ്ച ഇപ്പോഴും മനസ്സില്‍ നിന്നും വിട്ടു പോയിട്ടില്ല. അച്ചയെ യാത്രയാക്കാനുള്ള അവസാന യാത്രയില്‍ ഞാനും ഒപ്പമിരുന്നു. ഇനി എന്റെ അച്ഛേടെ കൂടെ ഇരിക്കാന്‍ സാധിക്കില്ലല്ലോ.. ആംബുലന്‍സ് ഇല്‍ നിന്നും ഇറങ്ങുമ്ബോള്‍ കണ്ടു ചേച്ചിയുടെ അടുത്തായി അച്ചക്കു അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ..അടക്കം നടക്കുമ്ബോള്‍ മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു…. പ്രകൃതി പോലും കരഞ്ഞു… എന്റെ അച്ചയെ ഓര്‍ത്ത്…
തിരിച്ചിറങ്ങുമ്ബോള്‍ എവിടെ യോ എന്തോ മറന്നു വെച്ചതുപോലെ.. കരള്‍ വിറകൊള്ളുന്നുണ്ടായിരുന്നു. ഒന്നുകൂടി പുറകിലേക്കു തിരിഞ്ഞു നോക്കി.. അതെ.. അച്ചയും ചേച്ചിയും സുഖമായി ഉറങ്ങുന്നു..അവരെ തനിച്ചാക്കി ഞാനും അമ്മയും പോകുവാണ്.. …
അവര്‍ ഇനി ഉറങ്ങിക്കോട്ടെ.. (അച്ചക്കു സമയത്തിന് ചികിത്സ കിട്ടിയെങ്കില്‍ എന്റെ അച്ച മരിക്കില്ലായിരുന്നു.സീരിയസ് ആയി വരുന്ന ഒരു മനുഷ്യനെ ഇവര്‍ക്കു ഏറ്റടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഹോസ്പിറ്റലുകള്‍ കൊണ്ടുള്ള ഉപയോഗം എന്താണെന്നു എനിക്ക് മനസിലാവുന്നില്ല. ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ എല്ലാം മാലാഖ മാരല്ല . ഇതില്‍ ചെകുത്താന്മാരും ഉണ്ട്.. അവര്‍ക്കു ആര്‍ക്കും ഒന്നും നഷപെട്ടില്ല.. നഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത് എനിക്ക് മാത്രമാണ്.