ഹനുമാൻ കുരങ്ങ് മുങ്ങിയിട്ട് 10 ദിവസം; ഇപ്പോഴുള്ളത് മാസ്‌കറ്റ് ഹോട്ടലിന് സമീപം, പിടികൂടാൻ ശ്രമം

തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടിൽനിന്ന് ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങിനെ പിടികൂടാനുള്ള ശ്രമം തുടരുന്നു.

നിലവിൽ മാസ്‌കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിലിരിക്കുന്ന കുരങ്ങിനെ അനിമൽ കീപ്പർമാർ നിരീക്ഷിച്ചുവരികയാണ്.

കുരങ്ങ് താഴെ ഇറങ്ങുമ്പോൾ പിടികൂടാനാണ് നീക്കം. കുരങ്ങ് എങ്ങോട്ടുപോകുന്നുവെന്ന് നിരീക്ഷിക്കാൻ രണ്ടുപേരെ നിയോഗിച്ചിട്ടുണ്ട്.

കുരങ്ങിന്റെ ആരോഗ്യസ്ഥിതിയിൽ നിലവിൽ പ്രശ്നമില്ലെന്നും ആശങ്കയില്ലെന്നുമാണ് സൂചന.കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ചാടിപ്പോയ മൂന്നുവയസുള്ള പെൺകുരങ്ങിനെ കണ്ടെത്താനായി വ്യാപകമായി തെരച്ചിലാണ് തിരുവനന്തപുരം മൃഗശാല ജീവനക്കാർ നടത്തിവന്നത്.

ആദ്യം നന്തൻകോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തി കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തിൽ നിലയുറപ്പിച്ചിരുന്നു.

എന്നാൽ പിന്നീട് കുറവൻകോണം, അമ്പലമുക്ക് അടക്കമുള്ള ഭാഗങ്ങളിൽ കുരങ്ങിനെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചു.

പിന്നാലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇത് സാധാരണ പ്രദേശത്തുള്ള കുരങ്ങാണെന്നും സൂചന ലഭിച്ചു. മൃഗശാല വളപ്പിലും ചാടിപ്പോയ കുരങ്ങിനെ കണ്ടതായി പിന്നീട് വിവരം ലഭിച്ച പ്രദേശങ്ങളിലും പരിശോധന നടത്തി.

ഇതിനിടയിലാണ് ചൊവ്വാഴ്ച കന്റോൺമെന്റ് ഹൗസ്, നളന്ദ എന്നിവിടങ്ങളിലെ മരത്തിന് മുകളിൽ നിലയുറപ്പിച്ച കുരങ്ങിനെ ഇന്നലെ രാത്രി ഏഴുമണിയോടെ മാസ്‌കറ്റ് ഹോട്ടൽ, എൽഎംഎസ് പള്ളി പരിസരം എന്നിവിടങ്ങളിൽ കണ്ടെത്തിയത്.

കുരങ്ങിനെ നാട്ടുകരോ മറ്റുമൃഗങ്ങളോ അക്രമിക്കുമോ എന്നാണ് മൃഗശാല അധികൃതരുടെ ആശങ്ക. കുരങ്ങ് അക്രമകാരിയല്ലെന്നും പ്രദേശവാസികൾ പ്രകോപനമുണ്ടാക്കരുതെന്നും സൂ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

അതേസമയം, മൂന്നുദിവസത്തോളം കുരങ്ങ് കൺമുന്നിൽ തന്നെയുണ്ടായിരുന്നിട്ടും പിടികൂടാൻ കഴിയാതിരുന്നത് അധികൃതരുടെ വീഴ്ചയെന്ന് ആക്ഷേപമുണ്ട്. എന്നാൽ കുരങ്ങിനെ തുറന്നുവിട്ടപ്പോൾ ജാഗ്രതക്കുറവുണ്ടായില്ല എന്നാണ് മന്ത്രി ആവർത്തിക്കുന്നത്.

കഴിഞ്ഞ 13ന് വൈകിട്ടാണ് കൂട് തുറന്നപ്പോൾ ഹനുമാൻ കുരങ്ങൻ ജീവനക്കാരെ വെട്ടിച്ച് ചാടിക്കളഞ്ഞത്.

മൃഗങ്ങളെ കൈമാറുന്നതിന്റെ ഭാഗമായി മൃഗശാലയിൽ പുതിയതായി എത്തിച്ച കുരങ്ങാണ് പുറത്ത് ചാടിയത്. ഇതിനോടൊപ്പം രണ്ട് എമുവിനെയും രണ്ട് സിംഹത്തെയും പുതിയതായി എത്തിച്ചിരുന്നു.

സംഭവശേഷം പുറത്തുവന്ന ദൃശ്യങ്ങളിൽ കൂട്ടിൽനിന്ന് ഇറങ്ങി ഓടി മരങ്ങളിൽ കയറുന്ന കുരങ്ങിനെ കാണാൻ സാധിക്കുന്നുണ്ട്.

ഇത് മൂന്നാം തവണയാണ് തിരുപ്പതിയിൽ നിന്നെത്തിച്ച ഹനുമാൻ കുരങ്ങ് മൃഗശാലയിൽനിന്ന് ചാടിപ്പോകുന്നത്.

നേരത്തെ രണ്ട് തവണയും സ്വന്തമായി തന്നെ കുരങ്ങ് തിരിച്ചുകയറിയിരുന്നു. കുരങ്ങിനെ പിടികൂടി തിരികെ എത്തിക്കാനാകാതെ വലയുകയാണ് മൃഗശാല ജീവനക്കാരും.

Related posts

Leave a Comment