മൂവാറ്റുപുഴ ∙ സ്വർണക്കള്ളക്കടത്തു കേസിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ. ജലാൽ മുഹമ്മദും അന്വേഷണത്തിലുള്ള റബിൻസും കൂടാതെ മൂവാറ്റുപുഴ സ്വദേശികളായ വേറെയും ചിലർ തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടതായാണു സൂചന.ഇപ്പോൾ ദുബായിലുള്ള, ‘ആനിക്കാട് ബ്രദേഴ്സ്’ എന്നറിയപ്പെടുന്ന 2 പേരാണ് സ്വർണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബായിലെ ഹവാല ഇടപാടുകളിൽ അന്വേഷണ ഏജൻസികൾ പലവട്ടം പരിശോധനകൾ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിൻസും ജലാലും. ‘ആനിക്കാട് ബ്രദേഴ്സാ’ണ് ഇവരെ കള്ളക്കടത്തിലേക്ക് എത്തിച്ചതെന്നാണു വിവരം. പെരുമറ്റം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിലെ 8 പേരാണ് അന്ന് അറസ്റ്റിലായത്. അന്വേഷണഘട്ടത്തിൽ ആനിക്കാട് ബ്രദേഴ്സാണു റബിൻസിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാൻ സഹായിച്ചത്. വിദേശത്തേക്കു കടന്നതിനാൽ ഇരുവരും കേസിൽ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു. ജലാലും റബിൻസും കുറഞ്ഞ കാലം കൊണ്ട് വലിയ തോതിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. 2015 ലെ നെടുമ്പാശേരി സ്വർണക്കള്ളക്കടത്തു കേസിൽ അറസ്റ്റിലായവർ പുറത്തിറങ്ങി കേരളത്തിൽ സജീവമായപ്പോൾ, ജലാലിന്റെയും റബിൻസിന്റെയും ‘ആനിക്കാട് ബ്രദേഴ്സി’ന്റെയും നിയന്ത്രണത്തിലായി ഗൾഫിലെ സ്വർണക്കടത്ത്.
സ്വർണക്കടത്തിലെ കള്ളപ്പണം: ഇഡി അന്വേഷണം തുടങ്ങി കൊച്ചി ∙ സ്വർണക്കടത്തിനു വേണ്ടി സ്വപ്നയും സന്ദീപും ഉൾപ്പെടെയുള്ള പ്രതികൾ നടത്തിയ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. കോടതിയുടെ അനുവാദത്തോടെ കസ്റ്റംസ് ഇന്നലെ എൻഐഎ ഓഫിസിലെത്തി പ്രതികളെ ചോദ്യം ചെയ്തു. തുടർന്ന് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് പരിശോധനയ്ക്കു ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സ്വപ്ന കടുത്ത മാനസിക സമ്മർദം നേരിടുന്നതിനാൽ ഇടയ്ക്കു മക്കളെ ഫോണിൽ വിളിച്ചു സംസാരിക്കാൻ അവസരം നൽകണമെന്നു പ്രതിഭാഗം അഭിഭാഷകൻ എൻഐഎ കോടതിയോട് അഭ്യർഥിച്ചു. പ്രതിഭാഗം സമർപ്പിച്ച ജാമ്യാപേക്ഷയെ എൻഐഎ എതിർത്തു. ദേശവിരുദ്ധ സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണു പ്രതികൾ ചെയ്തത്. അന്വേഷണം നിർണായക ഘടത്തിലാണ്. പ്രതികൾക്ക് ഇപ്പോൾ ജാമ്യം അനുവദിക്കുന്നതു തെളിവു നശിപ്പിക്കാൻ വഴിയൊരുക്കും. ഉന്നത ബന്ധമുള്ള പ്രതികൾ രാജ്യം വിടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും എൻഐഎ പറഞ്ഞു.