ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ഒളിവില്‍ താമസിപ്പിച്ചു എന്നു പറയപ്പെടുന്ന കിരണ്‍ മാര്‍ഷല്‍ സെക്രട്ടറിയായ ആലപ്പുഴ റൈഫിള്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ക്യാംപസില്‍ ആരംഭിച്ച ക്ലബ്ബിന്റെ ഷൂട്ടിങ് റേഞ്ച് ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളും വിവരങ്ങളും സൈറ്റില്‍ ഉണ്ടായിരുന്നു. ക്ലബ്ബിന്റെ ഫെയ്‌സ്ബുക് പേജ് ലഭ്യമാണെങ്കിലും ഉദ്ഘാടന ചിത്രങ്ങളില്ല. ഡിജിപി ലോകനാഥ് ബെഹ്‌റ, നടന്‍ മമ്മൂട്ടി തുടങ്ങിയവര്‍ ക്ലബ് സന്ദര്‍ശിക്കുകയും അംഗത്വം എടുക്കുകയും ചെയ്തിരുന്നു.
കള്ളക്കത്തുമായി ബന്ധപ്പെട്ട ചിലരും ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതാണ് വെബ്‌സൈറ്റ് നീക്കാന്‍ കാരണമെന്നാണ് സൂചന. സ്വപ്ന സുരേഷ് ഒളിവിലായിരുന്ന സമയത്തു തന്റെ വീട്ടില്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വന്നിട്ടില്ലന്ന കിരണ്‍ മാര്‍ഷലിന്റെ വാദം കള്ളമാണെന്നും തെളിഞ്ഞു. ജൂലൈ 7 ന് കിരണിന്റെ വീട്ടില്‍ പോയിരുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ്. സാബു സമ്മതിച്ചതോടെയാണ് കള്ളം പൊളിഞ്ഞത്.കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനിടെ ചേര്‍ത്തല ഡിവൈഎസ്പി കെ.സുഭാഷ്, സ്ഥലത്തെ സിഐ എന്നിവര്‍ക്കൊപ്പമാണു കിരണിന്റെ വീട്ടില്‍ പോയതെന്നു സാബു പറഞ്ഞു.
ഇക്കാര്യം ഡിവൈഎസ്പിയും സ്ഥിരീകരിച്ചു. റോഡുകള്‍ അടച്ചതിന്റെ പിറ്റേന്നാണു പോയതെന്നു ഡിവൈഎസ്പി പറഞ്ഞു. ആറാം തീയതിയാണു റോഡുകള്‍ അടച്ചത്.പകലാണു കിരണിന്റെ വീട്ടില്‍ പോയതെന്നു ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു. യാത്രാവിവരങ്ങള്‍ ഡയറിയില്‍ എഴുതാറുണ്ടെങ്കിലും ഈ സന്ദര്‍ശനം എഴുതിയിട്ടില്ല. കിരണ്‍ വീടിനു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കു ക്ഷണിച്ചപ്പോള്‍ പോയി. ചായ കുടിച്ചു 10 – 15 മിനിറ്റ് ചെലവഴിച്ചു. ഏകദേശം 11.45 ന് ആണിത്. ഒളിച്ചല്ല പോയത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കിരണ്‍ ഏറെ സഹായിക്കുന്നുണ്ട്.
ക്ലബ്ബുകള്‍ വഴിയും മറ്റുമാണത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഫ്ലാസ്ക്, കുട തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.”മുഖ്യമന്ത്രിയുമായി 18 വര്‍ഷത്തെ ബന്ധമുണ്ട്. അരൂര്‍ ഉപതിരഞ്ഞെടുപ്പു സമയത്തു മുഖ്യമന്ത്രി വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചതു സ്വാഭാവികമാണ്. എന്റേത് ഇടതുപക്ഷ കുടുംബമാണ്. റസ്റ്ററന്റ് ഉദ്ഘാടനത്തിനു മന്ത്രിമാര്‍ വന്നതും അങ്ങനെയാണ്”- കിരണ്‍ പറഞ്ഞു.