സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് ഇ.ഡിയും

ആലപ്പുഴ: മാന്നാറില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രംഗത്ത്. പൊലീസില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ ലോക്കല്‍ പൊലീസിന് പുറമെ കസ്റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്ബത്തിക വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുക.അതിനിടെ, കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാന്നാര്‍ സ്‌റ്റേഷനിലെത്തി സംഭവവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചു. യുവതി സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്.നിരവധി തവണ യുവതി സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്. എട്ടു മാസത്തിനിടെ മൂന്ന് തവണ സ്വര്‍ണ്ണം കടത്തിയെന്ന് യുവതി തന്നെ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. അവസാന തവണ യുവതിയുടെ കയ്യില്‍ ഒന്നര കിലോ സ്വര്‍ണ്ണമാണ് കള്ളക്കടത്ത് സംഘം കൊടുത്തു വിട്ടിരുന്നത്. എന്നാല്‍ സ്വര്‍ണ്ണം വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നാണ് യുവതിയുടെ മൊഴി. സ്വര്‍ണമോ പകരം പണമോ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയെ സംഘം കടത്തിക്കൊണ്ടുപോയത്.

Related posts

Leave a Comment