തിരുവനന്തപുരം; തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് പരിശോധന. നെടുമങ്ങാടുള്ള ‘കാര്‍ബണ്‍ ഡോക്ടര്‍’ എന്ന വര്‍ക്ഷോപ്പില്‍ സ്വര്‍ണ്ണം എത്തിച്ചതായി സൂചന ലഭിച്ചതുകൊണ്ടാണ് കസ്റ്റംസ് ഇവിടെ പരിശോധന നടത്തിയത്. തിരുവനന്തപുരത്തുള്ള കസ്റ്റംസ് സംഘമാണ് നെടുമങ്ങാടുള്ള സന്ദീപ് നായരുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കടത്തുന്ന സ്വര്‍ണം സരിത്ത് ഏറ്റെടുത്ത് പിന്നീട് സന്ദീപിന്റെ കയ്യില്‍ ഏല്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്. ഈ കള്ളക്കടത്ത് സ്വര്‍ണം, സന്ദീപ് നായര്‍ തന്റെ വീട്ടിലേക്കും നെടുമങ്ങാടുള്ള ഈ സ്ഥാപനത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് സ്വര്‍ണ്ണം ഉള്‍പ്പെട്ട ബാഗേജ് ആദ്യമായി തുറക്കുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് ഉള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സന്ദീപിനെ വര്‍ക്ഷോപ്പില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമോ എന്ന് അറിയാനാണ് വര്‍ക്ഷോപ്പില്‍ പരിശോധന നടത്തിയത്. മുന്‍പ് നെടുമങ്ങാടുള്ള സന്ദീപിന്റെ വീട്ടില്‍ രണ്ടുതവണ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അവിടെനിന്നും സ്വര്‍ണം കടത്താനുള്ള ബാഗുകള്‍ പൊതിഞ്ഞു സൂക്ഷിച്ചതെന്ന് സംശയിക്കുന്ന വസ്തുക്കളും സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചതായി കരുതുന്ന കുക്കര്‍ അടക്കം പിടിച്ചെടുത്തിരുന്നു. സമാനമായ തെളിവുകള്‍ സന്ദീപിന്റെ ഈ വര്‍ക്ക് ഷോപ്പില്‍ നിന്നും ലഭിക്കും എന്നതിനാലാണ് ഇവിടെയും കസ്റ്റംസ് പരിശോധന നടത്തുന്നത്.