തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പ്രതികളായ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പുറമേ കെ ടി റമീസും അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാനും ഇ ഡി നടപടികള്‍ ആരംഭിച്ചു..
അതിനിടെ, കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിന്റെ സാമ്ബത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസിന്റെ അന്വേഷണം ആരംഭിച്ചു . വീട്ടിലെ പരിശോധനയില്‍ ബന്ധുക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരടക്കം കൂടുതല്‍ പേരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.
ജയഘോഷിന് സ്വര്‍ണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണ സ്വര്‍ണം കടത്തിയ സമയത്തും സരിത്തിനൊപ്പം ജയഘോഷും വിമാനത്താവളത്തില്‍ പോയിരുന്നൂവെന്ന വിവരവും ലഭിച്ചു. അതിനൊപ്പമാണ് ആത്മഹത്യാശ്രമവും വധഭീഷണിയും തുടങ്ങി ജയഘോഷ് മുന്നോട്ട് വയ്ക്കുന്ന സംശയാസ്പദമായ സാഹചര്യങ്ങള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് ജയഘോഷിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.