സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ഫൈസല്‍ ഫരീദ്; പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു

സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ദുബായിലുള്ള ഫൈസല്‍ ഫരീദ്. എന്‍ഐഎ അറസ്റ്റ് വാറന്റിന് തിങ്കളാഴ്ച അനുമതി തേടിയത് മുതല്‍ ഫൈസല്‍ അന്വേഷണ സംഘത്തിന്റേതടക്കമുള്ള ഫോണ്‍കോളുകള്‍ ഒഴിവാക്കുകയാണ്. അതേസമയം, പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണു പുരോഗമിക്കുന്നത്.

ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവര്‍ത്തിച്ച ഫൈസല്‍ ഫരീദ് തിങ്കളാഴ്ച മുതല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയോ, വിളിച്ചാല്‍ എടുക്കാതിരിക്കുകയോ ആണ്.

അന്വേഷണ സംഘം നേരിട്ടും സുഹൃത്തുക്കള്‍ വഴിയും ബന്ധപ്പെടാന്‍ ശ്രമിക്കുന്നെങ്കിലും ഒഴിഞ്ഞുമാറുന്നതായാണു വിവരം. സുഹൃത്തിനെ ഫോണില്‍ വിളിച്ചാണു ഞായറാഴ്ച കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോള്‍ അതേ സുഹൃത്തുക്കളില്‍ നിന്ന് ഫൈസല്‍ മാറിനില്‍ക്കുന്നുവെന്നാണു വിവരം.

ഫൈസല്‍ കൂടെയില്ലെന്ന വിവരമാണ് അന്വേഷണസംഘത്തോടു സുഹൃത്തുക്കളും അറിയിക്കുന്നത്. റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതല്‍ ഫൈസല്‍ എത്തിയിട്ടില്ല.

അതേസമയം, യുഎഇയുടെ ലോഗോ, സീല്‍ എന്നിവ വ്യാജമായി നിര്‍മിച്ചുവെന്ന് എന്‍ഐഎ കോടതിയെ അറിയിച്ച സാഹചര്യത്തില്‍ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനാല്‍ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ഒന്ന് അന്വേഷണ സംഘം ദുബായില്‍ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തു കൈമാറുകയും ചെയ്യുക. രണ്ട്. ഫൈസലിനെ നാട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്റെ സഹായത്തോടെ വിമാനത്തില്‍ നാട്ടിലേക്കു അയക്കുകയോ ചെയ്യുക. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനു കരാറുള്ളതിനാല്‍ കൈമാറ്റത്തിനു തടസങ്ങളില്ലെന്നാണു കരുതുന്നത്.

Related posts

Leave a Comment