കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാന്‍ ബിനീഷിന് അന്വേഷണസംഘം നോട്ടീസ് നല്‍കി. രാവിലെ പതിനൊന്നുമണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ബിനീഷിന് പങ്കാളിത്തമുള്ള കമ്ബനികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് നിര്‍ണായക നീക്കം
മൂന്നു കമ്ബനികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സംശയ നിഴലില്‍ വന്നത്. 2018 ല്‍ തുടങ്ങിയ യു എഎഫ് എക്സ് സൊല്യൂഷന്‍സണ്‍സ്. ബിനീഷിന് പങ്കാളിത്തമുള്ള ഈ കമ്ബനി വഴി കമ്മിഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വെളിപ്പെടുത്തിയിരുന്നു.
2015ല്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടുകമ്ബനികളെ കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവില്‍ 2015 ല്‍ രൂപീകരിക്കുകയും ഇടക്ക് അപ്രത്യക്ഷമാവുകയും ചെയ്ത രണ്ടു കമ്ബനികളിലും ബിനീഷിനു പങ്കുണ്ട്. 2015 ജൂണില്‍ തുടങ്ങിയ കമ്ബനികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
കള്ളപ്പണ ഇടപാടുകള്‍ക്കും വിദേശകറന്‍സി കൈമാറ്റത്തിനും തുടങ്ങിയ കടലാസ് കമ്ബനികള്‍ മാത്രമായിരുന്നു ഇവയെന്ന സംശയത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗളൂരു ലഹരികടത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഈ കമ്ബനികളുടെ മറവില്‍ വിദേശത്തും സ്വദേശത്തും കള്ളപ്പണ ഇടപാടുകള്‍ നടത്തിയതയും സൂചനയുണ്ട്. ഇവയിലൊക്കെ വ്യക്തത വരുത്താനാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അന്വേഷണസംഘം വിളിപ്പിച്ചിരിക്കുന്നത്.
ബംഗളൂരു ലഹരികടത്തുകേസില്‍ മലയാളിയായ മുഹമ്മദ് അനൂപിനെ നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഇയാള്‍ നിരവധി തവണ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ബിനീഷ് തന്റെ പാര്‍ട്ട്ണറാണെന്നും മുഹമ്മദ് അനൂപ് വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ നാര്‍ക്കോട്ടിക്സ് ബിനീഷിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.