സ്വര്‍ണക്കടത്തിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാൽ; പിടികിട്ടാപ്പുള്ളി

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂവാറ്റുപുഴ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി കസ്റ്റംസ് പിടിയിലായിരുന്നു. മൂവാറ്റുപുഴയില്‍ സ്വദേശി ജലാല്‍ വര്‍ഷങ്ങളായി കേരളാ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

രാജ്യത്തേയ്ക്ക് വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്താന്‍ ആളുകളെ നിയോഗിച്ചിരുന്നത് ഇയാളാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. കേരളത്തിന് പുറമെ ചെന്നൈ, മുംബൈ, ബംഗളൂരു വിമാനത്താവങ്ങളിലൂടെ നിരവധി തവണ ജലാല്‍ നിയോഗിച്ച സംഘം സ്വര്‍ണം കടത്തിയിരുന്നുവെന്നും കണ്ടെത്തി.

ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ അന്വേഷണത്തിന്റെ മുന തന്നിലേയ്ക്ക് നീളുന്നത് തിരിച്ചറിഞ്ഞാണ് ഇന്നലെ രണ്ടു പേര്‍ക്കൊപ്പം കസ്റ്റംസ് ഓഫിസിലെത്തി ഉദ്യോഗസ്ഥനു മുമ്ബാകെ കീഴടങ്ങിയത്.
നെടുമ്ബാശേരി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാക്കപ്പെട്ട സംഭവത്തിലും ജലാലിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഇദ്ദേഹത്തെ തിരഞ്ഞിരുന്നു.

രണ്ടു വര്‍ഷം മുമ്ബ് തിരുവനന്തപുരം വിമാനത്താവളം വഴി ജലാല്‍ അഞ്ചു കിലോ സ്വര്‍ണം കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിലൂടെ ജലാല്‍ 60 കോടി രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം.

Related posts

Leave a Comment