സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം; അഞ്ചുകോടിരൂപ ഇതിനായി നീക്കിവച്ചു, ഉത്തരവ് ഉടനിറക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അഞ്ചുകോടിരൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും ഉത്തരവ് ഉടനിറക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

നികുതിവെട്ടിപ്പ് തടയാന്‍ സ്വര്‍ണത്തിനും ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജിഎസ്ടി കൗണ്‍സില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ മറ്റു നടപടികളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനെ ജോയിന്റ് കമ്മിഷണര്‍ പദവിയില്‍ നിയമിക്കും.

കടകളില്‍ കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ വര്‍ഷം ഒരേ സമയം 64 ജ്വല്ലറികളില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജിഎസ്ടി നിയമത്തിലെ 129ാം വകുപ്പ് പ്രകാരം സ്വര്‍ണത്തിന്റെ നികുതിവെട്ടിപ്പ് കണ്ടുപിടിച്ചാല്‍ നികുതിയും തുല്യതുക പിഴയും അടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കണം. 130-ാം വകുപ്പനുസരിച്ച്‌ നോട്ടിസ് നല്‍കിയാല്‍ സ്വര്‍ണം കണ്ടുകെട്ടാനാകും.

എന്നാല്‍ 129-ാം വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയതിനുശേഷമേ 130-ാം വകുപ്പ് പ്രകാരം നോട്ടിസ് നല്‍കാവൂ എന്ന് ഹൈക്കോടതിവിധിയുള്ളതാണ് തടസമെന്ന് തോമസ് ഐസക് പറഞ്ഞു. ഇതില്‍ വ്യക്തതയ്ക്കായി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.

Related posts

Leave a Comment